b
ലൈബ്രറി

 ഗ്രാമ പ്രദേശങ്ങളിൽ രണ്ട് ലക്ഷം രൂപ

 നഗരങ്ങളിൽ 98000 രൂപ

കൊല്ലം: സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൈബ്രറികളിൽ സ്വന്തമായി സ്ഥലവും സൗകര്യവുമുള്ളിടത്ത് പൊതുശൗചാലയ നിർമ്മാണത്തിന് പദ്ധതിയുമായി തദ്ദേശ സ്വയംഭരണവകുപ്പ്. തദ്ദേശ സ്ഥാപനങ്ങളും ശുചിത്വമിഷനും സംസ്ഥാന ലൈബ്രറി കൗൺസിലും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ലൈബ്രറികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിട്ടുനൽകിയിട്ടുള്ള സ്ഥാപനങ്ങൾ അല്ലാത്തതിനാൽ വികസന പ്രവർത്തനങ്ങൾക്ക് പദ്ധതി വിഹിതം നൽകാനാകില്ല. അതുകൊണ്ട് പൊതുശൗചാലയ നിർമ്മാണത്തിനുള്ള കേന്ദ്ര, സംസ്ഥാന വിഹിതം കഴിച്ചുള്ള തുക സംസ്ഥാന ലൈബ്രറി കൗൺസിലാകും വഹിക്കുക. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷൻ പ്രകാരം ഗ്രാമപ്രദേശങ്ങളിൽ ഒരു യൂണിറ്റ് പൊതുശൗചാലയം നിർമ്മിക്കാൻ 2 ലക്ഷം രൂപയും നഗരത്തിൽ 98000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിൽ കേന്ദ്ര, സംസ്ഥാന വിഹിതമായ 180000 രൂപ കഴിച്ചുള്ള 20000 രൂപ ലൈബ്രറി കൗൺസിൽ വഹിക്കും. നഗരങ്ങളിൽ കേന്ദ്ര സംസ്ഥാന വിഹിതമായ 65334 രൂപ കഴിച്ചുള്ള 32666 രൂപയിൽ 9800 രൂപ സംസ്ഥാന ലൈബ്രറി കൗൺസിലും ബാക്കിയുള്ള 22866 രൂപ ശുചിത്വ മിഷനും വഹിക്കും. പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകണമെന്ന കർശന വ്യവസ്ഥയോടെയാണ് നിർമ്മാണത്തിന് പണം അനുവദിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ലൈബ്രറി ഭാരവാഹികളടങ്ങുന്ന ഗുണഭോക്തൃ സമിതിക്കാകും നി‌ർവഹണ ചുമതല. ലൈബ്രറി ഭാരവാഹികൾക്കാകും ശൗചാലയങ്ങളുടെ പരിപാലന ചുമതല.

 ജില്ലയിൽ ആകെ അഫിലിയേഷനുള്ള ലൈബ്രറികൾ: 722

 സ്വന്തമായി കെട്ടിടമുള്ളത്: 552