c
കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നടന്ന വൈദ്യുതി അദാലത്തിനിടെ പരാതിയുമായെത്തിയ ഉപഭോക്താക്കൾക്കിടയിലേക്കിറങ്ങി അവരുമായി സംസാരിക്കുന്ന മന്ത്രി എം.എം.മണി

കൊല്ലം:സൗരോർജ്ജത്തിൽ നിന്ന് 2000 മെഗാ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ജില്ലാ വൈദ്യുതി അദാലത്ത് കടപ്പാക്കട സ്‌പോർട്സ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 1000 മെഗാവാട്ട് വൈദ്യുതി തരാൻ കഴിയുന്ന സൗരോർജ പദ്ധതികൾ തയ്യാറായിക്കഴിഞ്ഞു. പുരപ്പുറത്തെ സോളാർ പാനലുകളിൽ നിന്ന് 500 മെഗാവാട്ടും തടാകങ്ങളിലെ ഫ്ലോട്ടിംഗ് സോളാർ പാനലുകളിൽ നിന്ന് 500 മെഗാവാട്ടും ലഭിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമേ ജലവൈദ്യുത പദ്ധതികളിൽ നിന്ന് ലഭിക്കുന്നുള്ളൂ. ശേഷിക്കുന്ന 70 ശതമാനം പുറത്തുനിന്ന് വാങ്ങുകയാണ്. ജലവൈദ്യുത പദ്ധതികളെ കൂടുതലായി ഇനി ആശ്രയിക്കാനാകില്ല. സോളാർ പദ്ധതികളിലേക്ക് ശ്രദ്ധ തിരിക്കേണ്ട സമയമായി. ഇടുക്കിയിൽ മറ്റൊരു ജലവൈദ്യുത പദ്ധതി പരിഗണനയിലാണ്. വൈദ്യുത നിലയത്തിനുള്ള സാധ്യത അവിടെയുണ്ടെന്ന് പഠനത്തിൽ പറയുന്നു. സാങ്കേതിക അനുമതിക്കുള്ള നീക്കം പുരോഗമിക്കുകയാണ്. ഉപഭോക്താക്കൾക്ക് കൃത്യമായി വൈദ്യുതി നൽകാതെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കണമെന്ന് പറഞ്ഞാൽ ശരിയാകില്ല. ഉപഭോക്താക്കൾ തരുന്ന പണം ഉപയോഗിച്ചാണ് ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നത്. നല്ല നിലയിലാണ് ജീവനക്കാർ സേവനം നൽകുന്നത്.

അദാലത്തിൽ പരിഹാരം

കരുകോൺ സെക്ഷന്റെ പരിധിയിലുള്ള ചേറ്റാടി ചതുപ്പ് നിവാസികൾക്ക് സർവീസ് കണക്ഷൻ നൽകുന്നതിന്റെ ഭാഗമായി 68 ലക്ഷം രൂപയുടെ പദ്ധതിക്ക് അദാലത്തിൽ അനുമതിയായി.
കരുനാഗപ്പള്ളി ഡിവിഷനിലെ മണപ്പള്ളി സെക്ഷൻ പരിധിയിൽ തഴവ പഞ്ചായത്തിലെ 11 കെവി ലൈൻ വൈദ്യുതി ബോർഡിന്റെ ചിലവിൽ 9,17,951 രൂപയ്ക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനമായി. എൺപതോളം കുടുംബങ്ങൾക്കാണ് പ്രയോജനം ഉണ്ടായത്. അപകടകരമായ അവസ്ഥയിൽ വീടുകൾക്ക് മുകളിലൂടെയായിരുന്നു ഈ ലൈൻ കടന്നു പോയിരുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട രണ്ട് വീടുകളുടെ മുകളിലൂടെ കടന്നുപോകുന്ന എൽ.റ്റി ലൈൻ അടക്കമുള്ളവ ബോർഡിന്റെ ചിലവിൽ മാറ്റി സ്ഥാപിക്കാനുള്ള രേഖകൾ വൈദ്യുതി മന്ത്രി പരാതിക്കാർക്ക് നേരിട്ട് കൈമാറി.
അദാലത്തിൽ 1425 പരാതികളാണ് ലഭിച്ചത്. അറുന്നൂറോളം പരാതികൾ പരിഹരിച്ചു. മറ്റ് പരാതികൾ തുടർനടപടികൾക്കായി മാറ്റി. അദാലത്തിൽ വൈദ്യുതി ബോർഡ് പരിഹാരം കണ്ട പരാതികൾക്കായി 5.73 കോടി രൂപയാണ് ചെലവഴിക്കുക.

എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. മന്ത്രി കെ.രാജു, എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ, മേയർ ഹണി ബെഞ്ചമിൻ, കളക്ടർ ബി.അബ്ദുൽനാസർ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്.പിള്ള, ഡിസ്ട്രിബ്യൂഷൻ ചീഫ് എൻജീനിയർ എസ്.രാജ് കുമാർ എന്നിവർ പ്രസംഗിച്ചു.