palam
കൊല്ലം-തിരുമംഗലം ദേശിയ പാത കടന്ന് പോകുന്ന കഴുതുരുട്ടി ഇരട്ടപ്പാലത്തോട് ചേർന്ന പണി പൂർത്തിയാക്കിയ പുതിയ വലിയ പാലം

നിർമ്മാണ ചെലവ്: 3.25 കോടി രൂപ

പൂർത്തീകരിച്ചത്: 1 വർഷം കൊണ്ട്

പുനലൂർ: കൊല്ലം -തിരുമംഗലം ദേശീയപാതയിലെ കഴുതുരുട്ടിയിൽ പതിറ്റാണ്ടുകളായി തുടർന്നിരുന്ന ഗതാഗതക്കുരുക്കിന് ഒടുവിൽ പരിഹാരമായി. വാഹനയാത്രികരെ വലച്ചിരുന്ന കഴുതുരുട്ടി ഇരട്ടപ്പാലത്തിന് സമീപത്തായി നിർമ്മാണം പൂർത്തീകരിച്ച പുതിയ പാലം ഗതാഗതത്തിനായി തുറന്നു നൽകിയതോടെയാണ് പ്രശ്നപരിഹാരം ഒരുങ്ങിയത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ച 3.25 കോടി രൂപ ചെലവഴിച്ചാണ് കഴുതുരുട്ടി ആറിനോട് ചേർന്ന് കോൺക്രീറ്റ് പാലം നിർമ്മിച്ചത്.

പതിറ്റാണ്ടുകളുടെ പഴക്കമുള്ള പഴയ ഇരട്ടപ്പാലം അപകടാവസ്ഥയിലായിട്ട് 25 വർഷത്തിലധികമായിരുന്നു. തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, പോണ്ടിച്ചേരി, മഹാരാഷ്ട്ര അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതിലൂടെ കടന്നുപോയിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഇവിടെ പാലം നിർമ്മിച്ചത്. ആദ്യം ഒരു പാലം മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിലൂടെ ഒരു വാഹനത്തിന് മാത്രമേ ഒരുസമയം കടന്നുപോകാൻ സാധിച്ചിരുന്നുള്ളൂ.

പാലത്തിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കൈവരികൾ തകർത്തു കൊണ്ട് വാഹനങ്ങൾ ആറ്റിലേക്ക് മറിഞ്ഞ സംഭവങ്ങളും ഉണ്ടായി. ഇതോടെയാണ് ഇതിന് സമീപത്തായി പൊതുമരാമത്ത് വകുപ്പ് മറ്റൊരു പാലംകൂടി നിർമ്മിച്ചത്. അങ്ങനെയാണ് ഇരട്ടപ്പാലമെന്ന പേരും ഉണ്ടായത്. എന്നാൽ വീതിക്കുറവും സമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതും യാത്രക്കാരെ ദുരിതത്തിലാക്കി. പലപ്പോഴും വലിയ ഗതാഗതക്കുരുക്കിനും പാലത്തിന്റെ വീതിക്കുറവ് കാരണമായി. പാലത്തിന്റെ ഉപരിതലവും ഇരുമ്പ് കൈവരികൾ തകർന്നതോടെ പ്രതിസന്ധി ഇരട്ടിയായി. ഇതോടെയാണ് പുതിയ പാലം വേണമെന്ന ആവശ്യം ശക്തമായത്. എന്നാൽ പത്ത് വർഷത്തിലധികമായി ഇത് വിദൂര സ്വപ്നമായി അവശേഷിക്കുകയായിരുന്നു.

വഴിമരുന്നിട്ട് കേരളകൗമുദി വാർത്തയും....

പാലത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചതാണ് വിഷയത്തിൽ വഴിത്തിരിവായത്. വർത്തകൾ നാട്ടിൽ സജീവ ചർച്ചയായതോടെ പാലത്തിന് വേണ്ടിയുള്ള സമരങ്ങളും ശക്തിപ്രാപിച്ചു. ദേശീയപാത ഉദ്യോഗസ്ഥരെ നാട്ടുകാർ മണിക്കൂറുകളോളം പാലത്തിൽ തടഞ്ഞു വയ്ക്കുന്നതിലേക്കുവരെ കാര്യങ്ങൾ പോയി. ഇതോടെയാണ് അധികൃതർ പുതിയ പാലത്തിനായി തുക അനുവദിച്ചത്. ഒരു വർഷം കൊണ്ട് നിർമ്മാണ ജോലികൾ പൂർത്തിയാക്കുകയും ചെയ്തു.

പഴയ പാലം അതേപടി നിലനിറുത്തി

പുതിയ പാലം നിർമ്മിച്ചെങ്കിലും ഇരട്ടപ്പാലം ഇപ്പോഴും അതേപടി നിലനിറുത്തിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ പാലത്തിന്റെ സേവനം ഉറപ്പാക്കുന്നതിനാണിത്. എന്നാൽ വാഹനങ്ങളിൽ ഏറെയും പുതിയ പാലം വഴിയാണ് കടന്നുപോകുന്നത്. ശബരിമല തീർത്ഥാടകർക്കാണ് പുതിയ പാലം ഏറെ അനുഗ്രഹമായത്.

............................................

പറയാനുള്ളത് പതിറ്റാണ്ടുകളുടെ ചരിത്രം......

ആദ്യപാലം നിർമ്മിച്ചത് ബ്രിട്ടീഷുകാർ

പാലത്തിന്റെ വീതിക്കുറവ് തിരിച്ചടിയായി

വാഹനാപകടങ്ങളും തുടർക്കഥ

തുടർന്ന് പുതിയൊരു പാലംകൂടി നിർമ്മിച്ചു

നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിന്

വീതിക്കുറവും ശോച്യാവസ്ഥയും വില്ലനായി

പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യം

പാലത്തിനായി സമരങ്ങളും ശക്തം

ഉപരിതല ഗതാഗത മന്ത്രാലയം തുക അനുവദിച്ചു

നിറവേറിയത് 10 വർഷമായുള്ള ആവശ്യം

............................................

പ്രദേശവാസികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു കഴുതുട്ടിയിൽ പുതിയ പാലം നിർമ്മിക്കണമെന്നത്. അത് യാഥാർത്ഥ്യമായതിന്റെ സന്തേഷത്തിലാണ് കിഴക്കൻ മലയോരവാസികൾ. കഴുതുരുട്ടിയിലെ ഇരട്ട പാലത്തോട് ചേർന്ന് ഒരു വലിയ പാലം കൂടി പണിതതോടെ ഇവിടെ വർഷങ്ങളായി തുടർന്നിരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനും കഴിഞ്ഞു

കെ.രാജൻ, അഖിലേന്ത്യാ കിസാൻ സഭ, ആര്യങ്കാവ് വില്ലേജ് കമ്മിറ്റി സെക്രട്ടറി