kollam-corporation

കൊല്ലം: തെരുവുനായ ആക്രമണത്തിൽ‌ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ ആവശ്യം. കോർപ്പറേഷൻ പരിധിയിൽ അനുദിനം തെരുവുനായ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ ഭരണസമിതി നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നത്.

നായ്ക്കളെ വന്ധീകരിക്കുന്ന എ.ബി.സി പദ്ധതി പൂർണ പരാജയമാണെന്നും ആക്രമണകാരികളായ നായകളെ പിടികൂടി നശിപ്പിക്കാൻ തക്ക രീതിയിലുള്ള നടപടികളിലേക്ക് നീങ്ങണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. തെരുവുനായ പ്രശ്നത്തിൽ എ.ബി.സിക്ക് പുറമെ മുൻകാലങ്ങളിൽ സ്വീകരിച്ച ചില നടപടികൾ കൂടി കൈക്കൊള്ളണമെന്ന് യു.ഡി.എഫ് നേതാവ് എ.കെ. ഹഫീസ് അഭിപ്രായപ്പെട്ടു. തെരുവുനായ വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധിക്കെതിരെ അപ്പീൽ നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് പ്രശ്നം യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണമെന്ന് കൗൺസിലർ എൻ. മോഹനനും പറഞ്ഞു. വളർത്തുനായകൾക്ക് ലൈസൻസ്, ചിപ്പ് എന്നിവ നൽകാനുള്ള മുൻ കൗൺസിലിലെ തീരുമാനം നടപ്പാക്കണമെന്ന് കൗൺസിലർ എസ്. ജയൻ പറഞ്ഞു.

 ഒരു സോണിൽ ഒരു എ.ബി.സി കേന്ദ്രം

തെരുവുനായ പ്രശ്നം പരിഹരിക്കാനുള്ള നിലവിലുള്ള ഏകമാർഗ്ഗമായ എ.ബി.സി പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ ഒരു സോണിൽ ഒരു എ.ബി.സി കേന്ദ്രമെങ്കിലും പ്രവർത്തിപ്പിക്കാനുള്ള അനുമതി കൗൺസിലർമാരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ആരോഗ്യകാര്യ സ്ഥിരസമിതി അദ്ധ്യക്ഷൻ പി.ജെ. രാജേന്ദ്രനും മേയർ ഹണി ബെഞ്ചമിനും മറുപടി നൽകി. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എ.ബി.സി സംഘത്തിന് പുറമെ കോർപ്പറേഷൻ സ്വന്തമായി ഒരു സംഘത്തെകൂടി നിയമിച്ച് പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.

സ്ഥിരസമിതി അദ്ധ്യക്ഷൻ എം.എ. സത്താർ, കൗൺസിലർമാരായ ബി. ഷൈലജ, എം.എസ്. ഗോപകുമാർ, ജെ. സൈജു, എം. സലിം, ശാന്തിനി ശുഭദേവൻ, എസ്. സതീഷ്, എ. നിസാർ, എസ്. മീനാകുമാരി, ടി. ലൈലാകുമാരി എന്നിവർ സംസാരിച്ചു.

 അമൃത് കുടിവെള്ള പദ്ധതിയും റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗും

അമൃത് കുടിവെള്ള പദ്ധതിക്കായി അപേക്ഷ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും മീറ്റർ പോലും ലഭിക്കാത പലർക്കും ബില്ല് ലഭിച്ചതായും യോഗത്തിൽ പരാതി ഉയർന്നു. പദ്ധതിയുടെ നടപടികൾ ഉടൻ പൂർത്തിയായി ജലവിതരണം ആരംഭിക്കും. മീറ്റർ അനുവദിച്ച ഉപഭോക്തകൾക്കാണ് നിലവിൽ ബിൽ ലഭിച്ചിരിക്കുന്നതെന്നും ഈ ബില്ലുകൾ ഹാജരാക്കുന്ന മുറയ്ക്ക് ഇവ കാൻസൽ ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി മറുപടി നൽകി.

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്കിംഗിനായി സ്ഥലം നിശ്ചയിച്ച് നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെയും ഉണ്ടായില്ലെന്ന കൗൺസിലർ കെ. ബാബുവിന്റെ ചോദ്യത്തിന് ഫയൽ സംബന്ധമായ പ്രശ്നമാണ് ഇതിന് കാരണമെന്നും വരും ദിവസങ്ങളിൽ ഇത് പരിഹരിച്ച് പാർക്കിംഗ് ഫീസ് ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു.