കൗൺസിലർമാരായ ആനേപ്പിൽ ഡോ. ഡി. സുജിത്, രാജലക്ഷ്മി ചന്ദ്രൻ എന്നിവർ നൽകിയ പരാതിയാണ് പരിഗണിച്ചത്
കൊല്ലം: മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടന്ന വൈദ്യുതി അദാലത്തിൽ രാമൻകുളങ്ങര ഗോപിക്കടമുക്ക് ഭാഗത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ വീടിന് മുകളിലൂടെ പോയ 11 കെ.വി ലൈനുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനമായി. കെ.എസ്.ഇ.ബി 1.3 കോടി രൂപ ചെലവഴിച്ച് 11 കെ.വി ലൈനുകൾക്ക് പകരം ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിച്ച് വൈദ്യുതി പ്രസരണം നടത്താമെന്നാണ് അദാലത്തിലൂടെ ഉറപ്പ് ലഭിച്ചത്.
എണ്ണമറ്റ കുടുംബങ്ങളുടെ വർഷങ്ങൾ നീണ്ട ആവശ്യത്തിനാണ് ഇന്നലെ പരിഹാരമായത്. കുടുംബങ്ങളുടെ ദുരിതം ചൂണ്ടിക്കാണിച്ച് നഗരസഭ മുളങ്കാടകം കൗൺസിലർ ആനേപ്പിൽ ഡോ. ഡി. സുജിത്താണ് അദാലത്തിൽ പരാതി നൽകിയത്. 1.3 കോടി രൂപ ഉപയോഗിച്ച് കേബിളുകൾ സ്ഥാപിക്കുമെന്ന തീരുമാനം മന്ത്രി എം.എം. മണി നേരിട്ട് കൗൺസിലർ സുജിത്തിന് കൈമാറി.
ശക്തികുളങ്ങര ഗോപിക്കടമുക്കിൽ നിന്നാരംഭിച്ച് കേന്ദ്രീയ വിദ്യാലയത്തിന് പിന്നിലൂടെ വിഷ്‌ണത്ത്കാവ് ട്രാൻസ്‌ഫോർമറിലാണ് 11 കെ.വി ലൈൻ അവസാനിക്കുന്നത്. വിഷ്ണത്ത്കാവ് ഭാഗത്തെ നിരവധി കുടുംബങ്ങൾ കെ.എസ്.ഇ.ബിക്ക് പണം അടച്ച് ലൈനുകൾ റോഡിലേക്ക് മാറ്റിയിരുന്നു. നഗരസഭയിലെ വിവിധ ഡിവിഷനുകളിലൂടെയാണ് ഈ ഭാഗത്തെ 11 കെ.വി ലൈൻ കടന്നുപോകുന്നതെങ്കിലും കൗൺസിലർ സുജിത്ത് മുൻകൈയടുത്ത് അദാലത്തിൽ പരാതി നൽകുകയായിരുന്നു.
കാവനാട്ടും 11 കെ.വി ലൈൻ മാറ്റാൻ അരക്കോടി
കാവനാട് വയയ്ക്കൽ ഭാഗത്തെ ജനവാസ മേഖലകളിലെ വീടുകൾക്ക് മുകളിലൂടെ കടന്നുപോകുന്ന 11 കെ.വി.ലൈനുകൾ മാറ്റി ഭൂമിയ്ക്കടിയിലൂടെ കേബിളുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി അരക്കോടി രൂപ അനുവദിച്ചു. ഇന്നലെ നടന്ന അദാലത്തിൽ കാവനാട് കൗൺസിലർ രാജലക്ഷ്‌മി ചന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമായത്. നിരവധി കുടുംബങ്ങളുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.