c
ചാത്തന്നൂർ മണ്ഡലത്തിലെ എ.സി.പി ഓഫീസ് ഉൾപ്പെടെ മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലും അടിസ്ഥാന സൗകര്യം ഒരുക്കും

 100 കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു

കൊല്ലം: ജനങ്ങളുടെ സുരക്ഷയ്ക്കായി സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന സുരക്ഷിത ചാത്തന്നൂർ പദ്ധതിക്ക് ഉടൻ തുടക്കമാകുമെന്ന് ജി.എസ്. ജയലാൽ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് നിർദ്ദേശിച്ച 100 കേന്ദ്രങ്ങളിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 62.23 ലക്ഷം ചെലവഴിച്ച് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ശേഷിക്കുന്നിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കാമറകൾ സ്ഥാപിക്കും.

മണ്ഡലത്തിൽ ആകെയുള്ള 140 വാർഡുകളിൽ മൂന്നുവീതം ബീറ്റുകളായി തിരിച്ച് തിരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് പരിശീലനവും തിരിച്ചറിയൽ കാർഡും യൂണിഫോമും നൽകി 'ഫ്രണ്ട് ഓഫ് പൊലീസ്' എന്ന പേരിൽ രാത്രികാല പട്രോളിംഗിൽ പങ്കെടുപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനും പൊലീസും ജനമൈത്രി അംഗങ്ങളും ഉൾപ്പെട്ട സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് ലഹരിക്കെതിരെയും റോഡപകടങ്ങൾ കുറയ്ക്കാനും പരിപാടികൾ നടപ്പാക്കുമെന്നും ജയലാൽ പറഞ്ഞു.

 ജനപക്ഷം ചാത്തന്നൂർ

സർക്കാർ ഓഫീസുകൾ ജനസൗഹാർദ്ദമാക്കാൻ 'ജനപക്ഷം ചാത്തന്നൂർ' എന്ന പദ്ധതിയും നടപ്പാക്കി വരികയാണെന്ന് എം.എൽ.എ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ മണ്ഡലത്തിലെ എ.സി.പി ഓഫീസ് ഉൾപ്പെടെ മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലും അടിസ്ഥാന സൗകര്യം ഒരുക്കും. ഇതിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൂയപ്പള്ളി, പാരിപ്പള്ളി, പരവൂർ പൊലീസ് സ്റ്റേഷനുകളുടെയും ചാത്തന്നൂർ എ.സി.പി ഓഫീസിന്റെയും നവീകരണം നടന്നുവരികയാണ്.