c
ബി.ബി. ഗോപകുമാർ

കൊല്ലം: ജില്ലയിൽ പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ കൊല്ലം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസിൽ പറഞ്ഞു.
ബൂത്തുതലം മുതൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പ്രധാന ഉത്തരവാദിത്വം. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കും. കൊല്ലം കോർപ്പറേഷൻ അടക്കമുള്ളിടങ്ങളിൽ ഭരണം പിടിക്കും. പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനാകുംവിധം ജനകീയ പിന്തുണ ഉറപ്പാക്കും. ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടും. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ മടിക്കുകയാണ്. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയർത്തും.
പരമ്പരാഗത വ്യവസായങ്ങളുടെ ശവപ്പറമ്പായി ജില്ല മാറിയിരിക്കുകയാണ്. മഹാഭൂരിപക്ഷം കശുഅണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുന്നു. വകുപ്പ് മന്ത്രി നൂറ് ശതമാനം പരാജയമാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കശുഅണ്ടി മേഖലയിൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഇപ്പോഴത്തെ സർക്കാർ ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. കശുഅണ്ടി മേഖലയിലെ പ്രതിസന്ധിക്കൊപ്പം ജില്ലയുടെ വികസന സ്വപ്നങ്ങളും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽക്കൊണ്ടുവരും. സംസ്ഥാന സർക്കാർ എല്ലാ ജനക്ഷേമ പ്രവർത്തനങ്ങളും മാറ്റിവച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. കേരളത്തിൽ ഇപ്പോൾ യഥാർത്ഥ പ്രതിപക്ഷം ബി.ജെ.പിയാണ്. പൗരത്വഭേദഗതി നിയമം സംബന്ധിച്ച് വസ്തുതാപരമായ പ്രചാരണം ശക്തമാക്കുമെന്നും ഗോപകുമാർ പറഞ്ഞു.

 ചാത്തന്നൂർ പിടിക്കും

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ഉറപ്പായും ബി.ജെ.പി വിജയിക്കുമെന്ന് ബി.ബി. ഗോപകുമാർ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച താൻ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇങ്ങനെയൊരു രാഷ്ട്രീയ മാറ്റം ചാത്തന്നൂരിൽ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നുവെങ്കിൽ തങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യുമായിരുന്നുവെന്ന് ആയിരക്കണക്കിന് പേർ തിരഞ്ഞെടുപ്പിനുശേഷം പറഞ്ഞു. നിലവിലെ എം.എൽ.എക്കെതിരെ ജനവികാരം ശക്തമാണ്. സ്വന്തം പാർട്ടിപോലും അദ്ദേഹത്തെ തള്ളിയിരിക്കുകയാണെന്നും ഗോപകുമാർ പറഞ്ഞു.