കൊല്ലം: ഓടിക്കൊണ്ടിരുന്ന ലോറിയിലെ വയ്ക്കോലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 11.38 ഓടെ രാമൻകുളങ്ങര - മരുത്തടി റോഡിലായിരുന്നു സംഭവം. രാമൻകുളങ്ങരയിൽ നിന്ന് വന്ന മിനിലോറി മരുത്തടി റോഡിൽ നൂറ് മീറ്റർ പിന്നിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടിയാണ് തീപിടിച്ചത്.
വയ്ക്കോലിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട പ്രദേശവാസികൾ പിന്നാലെ ഓടി ലോറി നിറുത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ട ശേഷം ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തീപിടിച്ചതറിയാതെ ലോറി വീണ്ടും മുന്നോട്ട് പോയിരുന്നെങ്കിൽ തീ ആളിപ്പടരുമായിരുന്നു. ഉടൻ തന്നെ ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയതിനാൽ തീ ആളിപ്പടർന്നില്ല. ലോറിയിൽ നിന്ന് വയ്ക്കോൽ പൂർണമായും താഴെയിറക്കിയ ശേഷമാണ് തീകെടുത്തിയത്. ഫയർ ഫോഴ്സ് വരുന്നതിന് മുമ്പ് തന്നെ പ്രദേശവാസികൾ വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം തുടങ്ങിയിരുന്നു. ലോറിയിലുണ്ടായിരുന്ന വയ്ക്കോൽ ഭാഗികമായി കത്തിനശിച്ചു.
പെരിനാട് താന്നിക്കമുക്ക് സ്വദേശി നിസാമുദ്ദീന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ കൊണ്ടുവന്ന വയ്ക്കോലിനാണ് തീപിടിച്ചത്. ചാമക്കട ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ സാബുലാൽ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ വിക്ടർ വി. ദേവ്, കടപ്പാക്കട സ്റ്റേഷൻ ഓഫീസർ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീകെടുത്തിയത്.