ഓടനാവട്ടം: വെളിയം, കരീപ്ര ഗ്രാമ പഞ്ചായത്തുകളിൽപ്പെട്ട കടയ്ക്കോട്ട് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ദിവസം 450 രൂപ ചെലവിൽ ടാങ്കർവെള്ളം വാങ്ങിയാണ് പലരും ദൈനംദിനാവശ്യങ്ങൾ നിറവേറ്റുന്നത്. സ്ത്രീകളും കുട്ടികളുമടക്കവുള്ളവർ ദൂരെ സ്ഥലങ്ങളിൽ നിന്നും തലച്ചുമടായാണ് വെള്ളമെത്തിക്കുന്നത്. ഇവിടത്തെ ജനവിഭാഗങ്ങളിൽ അധികവും കൃഷിയെ ആശ്രയിക്കുന്നവരാണ്.
ജപ്പാൻ കുടിവെള്ള പദ്ധതി ഉടൻ നടപ്പിലാവുമെന്ന് അധികൃതർ പറയുന്നതല്ലാതെ ഒരു നടപടിയുമുണ്ടാവുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ബന്ധപ്പെട്ട അധികൃതർ കുടിവെള്ളക്ഷാമം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുടിവെള്ളമില്ലാതെ ഞങ്ങൾ വലയുകയാണ്. പഞ്ചായത്ത് അധികൃതർ തിരിഞ്ഞ് നോക്കാറില്ല. പഞ്ചായത്ത് അധികൃതർ കുടിവെള്ള ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം.
രമണൻ, രേഷ്ണു ഭവൻ,മാരൂർ (പ്രദേശവാസി)
ഇവിടെ പഞ്ചായത്ത് വക പമ്പ്ഹൗസ് പണിതിട്ട് 15 വർഷത്തിലധികമായി. ഒരുതുള്ളി വെള്ളം ഇതുവരെ കിട്ടിയിട്ടില്ല. വലിയ വില കൊടുത്താണ് ഞങ്ങൾ കുടിവെള്ളം വാങ്ങുന്നത്. അതും സമയത്തിന് കിട്ടില്ല. അടുത്തുള്ള വയലിൽ കിണർ കുഴിച്ച് പൈപ്പ് വഴി ജലം എത്തിക്കണം. കിണറു കുഴിക്കാൻ സ്ഥലം നൽകുവാൻ സന്നദ്ധരായിട്ടുള്ളവരും ഉണ്ട്.
ആർ. ഗീത, ഗീതാ ഭവൻ, മാരൂർ (പ്രദേശവാസി)
വെളിയം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം കൂടുതൽ രൂക്ഷമായി നേരിടുന്ന പ്രദേശമാണ് കടയ്‌ക്കോട് കുന്നുംപുറം (മാരൂർ വാർഡ്). ജപ്പാൻകുടിവെള്ള പദ്ധതി എന്തുകൊണ്ട് നടപ്പിലാക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കണം. ദിവസവും വിലകൊടുത്ത് ടാങ്കർ വെള്ളം വാങ്ങുവാൻ ശേഷിയില്ലാത്തവരാണ് ഇവിടെ താമസിക്കുന്നതിൽ അധികവും.
സാബുകൃഷ്ണ, പൊതുപ്രവർത്തകൻ (പ്രദേശവാസി)
പമ്പ്ഹൗസും കുഴൽക്കിണറുകളും
മാരൂർ വാർഡിലെ കുന്നുംപുറം നിവാസികൾ കുടിവെള്ളത്തിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ട് വർഷങ്ങളായി. 15 വർഷങ്ങൾക്ക് മുമ്പ് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വെളിയം പഞ്ചായത്ത് നിർമ്മിച്ചുനൽകിയ പമ്പ്ഹൗസ് തകർന്ന് കിടക്കുകയാണ്. ഇതിന് സമീപമുള്ള രണ്ട് കുഴൽക്കിണറുകളും ഉപയോഗശൂന്യമാണ്.