c
കൊറോണ വൈറസ്; ജില്ലയിലും ജാഗ്രതാ നിർദ്ദേശം

കൊല്ലം: ചൈന അടക്കമുള്ള രാജ്യങ്ങളിലും സൗദി അറേബ്യയിൽ ജോലി നോക്കുന്ന മലയാളി നഴ്സിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യ വകുപ്പ് മുൻകരുതലുകൾ സ്വീകരിച്ചു.

പൊതുജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും ബോധവൽക്കരണം നടത്തും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്കാശുപത്രികൾ, ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി എന്നിവിടങ്ങളിൽ ഇൻഫക്ഷൻ കൺട്രോൾ പ്രാക്ടീസ് ശക്തിപ്പെടുത്തി. ആശുപത്രികളിൽ എയർ ബോൺ ഇൻഫക്ഷൻ കൺട്രോൾ/ കഫ് കോർണർ എന്നിവ സജ്ജമാക്കി. അടിയന്തര ഘട്ടങ്ങളിൽ ഇടപെടാനുള്ള ആരോഗ്യകർമ്മ സേനയെയും സജ്ജമാക്കി.പ്രധാന ആശുപത്രികളിൽ ഐ.സി.യു/ വെന്റിലേറ്റർ എന്നിവയുടെ ലഭ്യതയും ഉറപ്പുവരുത്തി.
എല്ലാ സ്ഥാപനങ്ങളിലും ഇതിന്റെ നിരീക്ഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ലക്ഷണങ്ങളും മുൻകരുതലും

 രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും

പനി, കഫക്കെട്ട്, ശ്വാസതടസം, ചുമ തുടങ്ങിയവ അനുഭവപ്പെടാം.

ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം.

കൈകൾ തുടർച്ചയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

നിരീക്ഷണത്തിലുള്ളവർ 28 ദിവസം വീടിനുള്ളിൽ തന്നെ കഴിയണം.

 മൃഗങ്ങളുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ മുൻകരുതലുകൾ വേണം

 മാംസവും മുട്ടയും നല്ലതുപോലെ വേവിച്ച് ഉപയോഗിക്കണം.

 രോഗബാധിത പ്രദേശത്ത് നിന്നു വരുന്നവരെ ഭവന നിരീക്ഷണത്തിലാകണം

പുറം സ്ഥലങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക.

 പനി, ജലദോഷം, കഫക്കെട്ട്, ശ്വാസതടസം തുടങ്ങിയവ ഉണ്ടെങ്കിൽ ചികിത്സ തേടണം

 രോഗികളുമായി സമ്പർക്കത്തിലായവർ അറിയിക്കണം

മുന്നറിയിപ്പ്
രോഗബാധിത പ്രദേശത്തുനിന്ന് 14 ദിവസത്തിനകം സ്ഥലത്തെത്തിയവർ, കൊറോണ വൈറസ് രോഗം ബാധിച്ച രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ, രോഗ ബാധിതരെ ചികിത്സിച്ച ആശുപത്രിയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർ നാട്ടിലെത്തിയാൽ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി വിവരങ്ങൾ നൽകണം. ഇവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ക്രോഡീകരിക്കും.

.........

കൊറോണ വൈറസ് മുൻകരുതലുകൾ ജില്ലയിൽ ശക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ ജില്ലയിലെ ആരോഗ്യ വകുപ്പ് സജ്ജമാണ്.

ഡോ.വി.വി.ഷേർളി

ജില്ലാ മെഡിക്കൽ ഓഫീസർ