polachira-
പോളച്ചിറ ഏലായിലെ പുഞ്ചക്കൃഷിയുടെ വിത്ത് വിതയ്ക്കൽ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: പോളച്ചിറ ഏലായിൽ ചിറക്കര ഗ്രാമപഞ്ചായത്ത്, ഏലാസമിതി, കുടുംബശ്രീ, ദേശീയ തൊഴിലുറപ്പ് പദ്ധതി, വിവിധ ക്ലബുകൾ, ഗ്രന്ഥശാലകൾ, യുവജന സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന പുഞ്ചക്കൃഷിക്കുള്ള വിത്തുവിതയ്ക്കൽ നടന്നു. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മധുസൂദനൻപിള്ള, ഉല്ലാസ്കൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി. പ്രേമചന്ദ്രനാശാൻ, സുശീലാദേവി, രജിതാ രാജേന്ദ്രൻ, സിന്ധുമോൾ, ഏലാസമിതി കൺവീനർ മനോഹരൻ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷാകുമാരി, കൃഷി അസിസ്റ്റന്റുമാരായ സുരേഷ് കുമാർ, സ്മിത, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

115 ദിവസം കൊണ്ട് വിളവെടുക്കുന്ന ജ്യോതി, ഞവര, ഉപ്പുരസം കലർന്ന മണ്ണിൽ കൃഷിക്കനുയോജ്യമായി കഴിഞ്ഞ വർഷം പരീക്ഷിച്ച് വിജയിച്ച വൈറ്റില 8 ഇനത്തിൽപ്പെട്ട വിത്തിനങ്ങളാണ് ഈ വർഷം കൃഷിക്കുപയോഗിക്കുന്നത്.