c
ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ആന്ധ്ര ഹോക്കി അസോസിയേഷനും യൂക്കോ ബാങ്ക് വുമൺസ് ഹോക്കി അക്കാദമിയും തമ്മിലുള്ള മത്സരം

 യൂക്കോ ബാങ്ക്, മുംബയ്, എസ്.പി.എസ്.ബി ടീമുകൾക്ക് വിജയത്തുടക്കം

കൊല്ലം: ദേശീയ സീനിയർ വനിതാഹോക്കി ചാമ്പ്യൻഷിപ്പിന് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ സ്റ്റീൽ പ്ലാന്റ് സ്‌പോർട്‌സ് ബോർഡിന്റെ (എസ്.പി.എസ്.ബി) ആധികാരിക വിജയത്തോടെ തുടക്കം. പൂൾ സിയിലെ മത്സരത്തിൽ എസ്.പി.എസ്. ബി മറുപടിയില്ലാത്ത 13 ഗോളുകൾക്ക് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തി. മനീഷ ധവാൽ, ജ്യോതി റാണി, സവിത, കുമാരി ശൈലജ ഗൗതം,ശിഖ ശർമ എന്നിവർ നേടിയ രണ്ട് വീതം ഗോളുകൾ വിജയത്തിൽ നിർണ്ണായകമായി. പൂജാഭട്ട്,അകാംക്ഷ ശുക്ല, കവിതാറാണി എന്നിവർ ഓരോ ഗോളുകൾ നേടി. ആധികാരിക വിജയം നേടിയതോടെ എസ്.പി.എസ്.ബി ക്വാർട്ടർ ഫൈനലിലേക്ക് സാധ്യത ഉറപ്പിച്ചു.

 യൂക്കോ ബാങ്ക് ആന്ധ്രയെ

4-2ന് പരാജയപ്പെടുത്തി

പൂൾ ഡിയിൽ യൂക്കോ ബാങ്ക് ഹോക്കി അക്കാദമി രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആന്ധ്ര ഹോക്കി അസോസിയേഷനെ തോൽപ്പിച്ചു. ജ്യോതി,നവനീത് കൗർ, പൂജ,ആർതി എന്നിവർ യൂക്കോ ബാങ്കിനായി ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. ബലഗോണ്ട മഹേശ്വരി, സന്ധ്യ ജിങ്കാല എന്നിവരാണ് ആന്ധ്രയുടെ ആശ്വാസ ഗോളുകൾ നേടിയത്.

 ബംഗാളിനെ 5-1 ന്

തോൽപ്പിപ്പിച്ച് മുംബയ്

പൂൾ എഫിലെ മത്സരത്തിൽ ബംഗാളിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് മുംബയ് പരാജയപ്പെടുത്തിയത്. മുംബയ് ക്യാപ്ടൻ ചൈത്രാലി ഗാവ്‌ഡേ, ഷെയ്ഖ് റുഖയ്യ എന്നിവരുടെ ഇരട്ടഗോളുകളാണ് മുംബയുടെ ആധികാരിക വിജയം ഉറപ്പിച്ചത്. മുംബയ്‌ക്കായി പ്രിയ ദുബേയും ഗോൾ നേടി. സുപർണ മിസ്ട്രിയാണ് ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത്.മറ്റ് മത്സരങ്ങളിൽ ഉത്തരാഖണ്ഡ്, ബീഹാർ, പുതുച്ചേരി ടീമുകൾക്ക് വാക്കോവർ ലഭിച്ചു.

 ഇന്ന് രണ്ടു മത്സരങ്ങൾ

രാവിലെ 9ന് നടക്കുന്ന ആദ്യമത്സരത്തിൽ ഹോക്കി ഹിമാചലും സശസ്ത്ര സീമാബെല്ലും ഏറ്റുമുട്ടും. 10.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത് ഹോക്കി അക്കാദമിയും വിദർഭ ഹോക്കി അസോസിയേഷനും തമ്മിൽ മത്സരിക്കും.