paravur
നെടുങ്ങോലത്ത് പൊട്ടിത്തെറിച്ച പാചകവാതക സിലിണ്ടർ

 ഉയർന്നുപൊങ്ങിയ സിലിണ്ടർ തട്ടി തെങ്ങിനും തീപിടിച്ചു

പരവൂർ: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് സമീപത്തെ ഷെഡ്ഡ് കത്തിയമർന്നു. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം. നെടുങ്ങോലം വടക്കേമുക്ക് ചരുവിള വീട്ടിൽ രാജുവിന്റെ വീടിന് സമീപത്തെ ഷെഡ്ഡാണ് കത്തിയമർന്നത്. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് ഉയർന്നുപൊങ്ങിയ ഗ്യാസ് സിലിണ്ടർ തെങ്ങിൽ തട്ടി തെങ്ങിനും തീ പിടിച്ചു.

വീട്ടുകാർ ഇന്നലെ വൈകിട്ടോടെ സമീപത്തെ ബന്ധുവീട്ടിൽ പോയിരുന്നതിനാൽ ആളപായമുണ്ടായില്ല. ഷെഡ്ഡ് പൂർണമായും കത്തിയമർന്നു. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പരവൂരിൽ നിന്നെത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്ന് 11 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. ഗ്യാസ് ലീക്ക് ഉണ്ടായി തീ പിടിച്ചതാകാം പൊട്ടിത്തെറിയുടെ കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.