കൊല്ലം: കേരളത്തെയും ജനകീയാസൂത്രണ പദ്ധതികളെക്കുറിച്ചും പഠിക്കാൻ ഹിമാചൽപ്രദേശ് സംഘം കൊല്ലത്തെത്തി. നെടുമ്പന ഗ്രാമപഞ്ചായത്ത് സന്ദർശിച്ച സംഘം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കേരളത്തിന്റെ വികസന പദ്ധതികളെക്കുറിച്ചും പ്രവർത്തന ശൈലിയെക്കുറിച്ചും പഠിക്കുകയാണ് 25 അംഗ സംഘത്തിന്റെ ലക്ഷ്യം.
കാംജന ജില്ലാ പഞ്ചായത്ത് വൈസ് ചെയർമാൻ വിശാൽ ചാംയലോ, പഞ്ചായത്ത് ഇൻസ്‌പെക്ടറും സെക്രട്ടറിയുമായ രാജേന്ദർ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നെടുമ്പനയിലെത്തിയത്. പഞ്ചായത്തിന്റെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭായോഗം, വർക്കിംഗ് ഗ്രൂപ്പ്, വികസന സെമിനാർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റികൾ, മിനിട്സുകൾ എന്നിവ നേരിട്ട് കണ്ട് മനസിലാക്കി.
പദ്ധതി നിർവഹണത്തിലെ അടങ്കൽ തുകകൾ, വാർഷിക പദ്ധതി, ഗ്രാന്റുകൾ എന്നിവയെക്കുറിച്ചും സംഘം വിശദ പഠനം നടത്തി. നാല് ദിവസമായി ഇവർ കേരളത്തിലുണ്ട്. കേരളവും ഇവിടത്തെ ഭരണനിർവഹണ സംവിധാനങ്ങളും രാജ്യത്തിനാകെ മാതൃകയാണെന്ന് കാംജന ജില്ലാ പഞ്ചായത്ത് വൈസ് ചെയർമാൻ വിശാൽ ചാംയലോ അഭിപ്രായപ്പെട്ടു.
നെടുമ്പന ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി, മെമ്പർമാരായ സി. സന്തോഷ്‌കുമാർ, ഇന്ദിര രഘുനാഥൻ, ഷീബ, ആസാദ്, സെക്രട്ടറി ഹാരിസ് മുഹമ്മദ് കോയ, കില പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.