കൊട്ടിയം: കൊല്ലം കോർപ്പറേഷൻ പരിധിയിലെ പാലത്തറ ഡിവിഷനിലെ റോഡുകളുടെ പുനർനിർമ്മാണം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേവിള സോണൽ ഓഫീസിലേക്ക് തള്ളിക്കയറി സൂപ്രണ്ടിനെ ഉപരോധിച്ചു. ഇരവിപുരം പൊലീസെത്തി പ്രതിഷേധക്കാരെ ഓഫീസിൽ നിന്ന് പുറത്തിറക്കിയെങ്കിലും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മറുപടി നൽകണമെന്ന ആവശ്യവുമായി പ്രവർത്തകർ ഓഫീസിൽ തന്നെ നിലയുറപ്പിച്ചു.
ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. സോണൽ ഓഫീസ് എൻജിനിയറെ സൂപ്രണ്ട് വിളിച്ചുവരുത്തി ചർച്ച നടത്തിയെങ്കിലും സമരക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല.
തുടർന്ന് കോർപ്പറേഷൻ ഓഫീസിൽ നിന്ന് എൻജിനിയർ എത്തുകയും പത്ത് ദിവസത്തിനകം റോഡുകളുടെ നിർമ്മാണം ആരംഭിച്ച് ഒരു മാസത്തിനകം പൂർത്തിയാക്കാമെന്ന് രേഖാമൂലം ഉറപ്പുകൊടുത്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ്, ഷാ സലിം, ബിനോയ് ഷാനൂർ, അഫ്സൽ ബാദുഷ, ഉനൈസ് പള്ളിമുക്ക്, അൻസർ, ഷിഹാബുദ്ദീൻ, സജൻ, സലാഹുദ്ദീൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.