c
വ്യാജവൈദ്യനടക്കം മൂന്നുപേർ അറസ്റ്റിൽ, അഞ്ചുപേർ തെലുങ്കാനയിലേക്ക് കടന്നു

കൊട്ടാരക്കര: അഞ്ചൽ ഏരൂർ മേഖലയിൽ ചികിത്സ നടത്തി നിരവധിപേരെ രോഗികളാക്കി മുങ്ങിയ വ്യാജ വൈദ്യനടക്കം മൂന്നുപേർ പിടിയിൽ. സംഘത്തിലെ അഞ്ചുപേർ തെലുങ്കാനയിലേക്ക് കടന്നു. ഇന്നലെ രാത്രിയോടെയാണ് കോട്ടയത്ത് നിന്നു മൂന്നുപേരെ കൊല്ലം റൂറൽ എസ്.പി നിയോഗിച്ച പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

പിടിയിലായ തെലുങ്കാന സ്വദേശിയായ ലക്ഷ്മൺ രാജാണ് (55) വീടുകൾ സന്ദർശിച്ച് ചികിത്സ നടത്തി പണം തട്ടിയത്.

ആറു മാസമായി അഞ്ചൽ, ഏരൂർ ഭാഗങ്ങളിലായി ആറു പുരുഷൻമാരും രണ്ട് സ്ത്രീകളുമടങ്ങുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്.

ലക്ഷ്മൺ രാജ് വീടുകളിലെത്തി മെർക്കുറി ചേർത്ത ആയുർവേദ മരുന്നും വേദനസംഹാരികളായ ഗുളികകളും നൽകി ചികിത്സ നടത്തിയിരുന്നു. പത്തടി റഹീം മൻസിലിൽ അയൂബ് (ഉബൈദ്)-നിസ ദമ്പതികളുടെ ഇളയ മകൻ മുഹമ്മദലിയ്ക്ക് (4)കാലിൽ ചൊറിമാറ്റാൻ നൽകിയ മരുന്ന് ആദ്യം ഫലംകണ്ടുവെങ്കിലും പിന്നീട് കുട്ടിയുടെ ആരോഗ്യ സ്ഥിതി വഷളാവുകയുമായിരുന്നു. കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയപ്പോഴാണ് കൂടുതൽപേർ വ്യാജ വൈദ്യന്റെ തട്ടിപ്പിനിരയായ വിവരം പുറത്ത് വന്നത്.

വൈദ്യൻ മുങ്ങിയതോടെ ഇവരെ പി‌ടികൂടാൻ റൂറൽ എസ്.പി ഹരിശങ്കർ പുനലൂർ ഡിവൈ.എസ്.പി അനിൽദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. എട്ടംഗ സംഘത്തിൽ രണ്ട് സ്ത്രീകളുൾപ്പടെ അഞ്ച് പേർ തെലുങ്കാനയിലേക്ക് കടന്നു. ബാക്കിയുള്ളവർ കോട്ടയത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വാടക വീട്ടിൽ എത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും. തെലുങ്കാനയിലേക്ക് കടന്ന പ്രതികളെ പിടികൂടാൻ രണ്ട് ദിവസത്തിനകം പൊലീസ് പോകുമെന്ന് എസ്.പി അറിയിച്ചു.