കൊല്ലം: വീട്ടമ്മമാരുടെ വ്യാജ ഒപ്പും ഗ്രൂപ്പ് ഫോട്ടോയും ഉയോഗിച്ച് കുടുംബശ്രീ യൂണിറ്റിന്റെ മറവിൽ നടത്തിയ വായ്പ തട്ടിപ്പ് പുറത്തായി. അയത്തിലുള്ള കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ സംഘകൃഷി തുടങ്ങാനെന്ന പേരിലാണ് വ്യാജരേഖകൾ ചമച്ച് ഷെഡ്യൂൾഡ് ബാങ്കിന്റെ നഗരത്തിലെ ബ്രാഞ്ചിൽ നിന്ന് ലക്ഷങ്ങൾ വായ്പയെടുത്തത്.
പള്ളിമൺ പുലിയില കൊച്ചുവിള വീട്ടിൽ വിധവയായ രജനിക്ക് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പ് പുറത്തായത്. രജനി വായ്പ എടുത്തിരുന്നില്ല. ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 2013ൽ അയത്തിലുള്ള കുടുംബശ്രീ യൂണിറ്റെടുത്ത മൂന്ന് ലക്ഷം രൂപയുടെ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നോട്ടീസെത്തിയത്. പലിശ സഹിതം ഇപ്പോൾ 5 ലക്ഷം രൂപയായി. രേഖകൾ പരിശോധിച്ചപ്പോൾ വായ്പയ്ക്കായി സമർപ്പിച്ച ഗ്രൂപ്പ് ഫോട്ടോയിൽ രജനി, ഭർത്തൃമാതാവ്, ഭർത്തൃ മാതാവിന്റെ സഹോദരി എന്നിവരുടെ തല വെട്ടി ഒട്ടിച്ചിരിക്കുകയായിരുന്നു. ഒപ്പും വ്യാജമായിരുന്നു.
തട്ടിപ്പ് നടത്തിയ കുടുംബശ്രീ യൂണിറ്റിന്റെ പ്രസിഡന്റ് കുറച്ചുനാൾ മുൻപ് മരിച്ചു. ഇവർ ജോലി ചെയ്തിരുന്ന കശുഅണ്ടി ഫാക്ടറിയിൽ രജനിയുടെ ഭർത്തൃമാതാവ് ജോലിക്ക് പോയിരുന്നു. അക്കാലയളവിലാകാം ഫോട്ടോയും തിരിച്ചറിയൽ രേഖകളും കൈക്കലാക്കിയതെന്നാണ് കരുതുന്നത്. രജനിയുടെ പരാതിയിൽ ഇരവിപുരം പൊലീസ് അന്വേഷണം നടത്തിവരികയാണ്.
2014ൽ ഭർത്താവ് മരിച്ചതോടെയാണ് രജനി അയത്തിലിൽ നിന്ന് പള്ളിമണിൽ സഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റിയത്. മകൻ പോളിടെക്നിക്കിലും മകൾ ഏഴാം ക്ലാസിലും പഠിക്കുകയാണ്. സ്വകാര്യ ആശുപത്രിയിൽ നഴ്സായ രജനിക്ക് അടുത്തിടെവരെ സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലായിരുന്നു. അടുത്തിടെ കിട്ടിയ കുടുംബ ഓഹരിയിൽ പഞ്ചായത്തിൽ നിന്നനുവദിച്ച പണം ഉപയോഗിച്ച് വീട് നിർമ്മാണം നടക്കുകയാണ്. ഈ വീടും ഭൂമിയും ബാങ്ക് ജപ്തി ചെയ്യുമോയെന്ന ആശങ്കയിലാണ് രജനി.
വായ്പ തരപ്പെടുത്താൻ ഇടനിലക്കാർ
തേവള്ളി സ്വദേശിനിയായ സ്ത്രീയാണ് അയത്തിലുള്ള കുടുംബശ്രീ യൂണിറ്ര് ഭാരവാഹികളെ വ്യാജ രേഖകൾ ചമച്ച് വായ്പയെടുക്കാൻ സഹായിച്ചത്. വായ്പയുടെ ഒരു വിഹിതം കമ്മിഷനായി ഇവർ കൈപ്പറ്റി. ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള സൗഹൃദം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. അടുത്തിടെ പുറത്ത് വന്ന എല്ലാ കുടുംബശ്രീ വായ്പാ തട്ടിപ്പ് കേസുകളിലും ഇടനിക്കാരുടെ സാന്നിദ്ധ്യമുണ്ട്.
വ്യാജരേഖകൾ
വായ്പയ്ക്കായി സമർപ്പിച്ച ഗ്രൂപ്പ് ഫോട്ടോയിൽ രജനി, ഭർത്തൃമാതാവ്, ഭർത്തൃ മാതാവിന്റെ സഹോദരി എന്നിവരുടെ തല വെട്ടി ഒട്ടിച്ചിരിക്കുകയായിരുന്നു. ഒപ്പും വ്യാജമായിരുന്നു.