പുനലൂർ: എസ്.എൻ.ഡി.പി യോഗം 2197-ാം നമ്പർ ഇളമ്പൽ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മവും ഓഫീസ് ഉദ്ഘാടനവും ഫെബ്രുവരി 11,12,13 തീയതികളിൽ നടക്കും. 11ന് രാവിലെ 10ന് യൂണിയൻ, ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ ശിവഗിരിയിൽ നിന്ന് ഗുരുദേവ വിഗ്രഹവും വഹിച്ചുകൊണ്ട് ആരംഭിക്കുന്ന രഥ ഘോഷയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം വൈകിട്ട് 3ന് യൂണിയൻ ഓഫീസിൽ എത്തിച്ചേരും. തുടർന്ന് പീതാംബര ധാരികളായ ഭക്തജനങ്ങൾ, അലങ്കരിച്ച വാഹനങ്ങൾ, താലപ്പൊലി തുടങ്ങിയവയുടെ അകമ്പടിയോടെ വൈകിട്ട് 5ന് ഇളമ്പൽ ശാഖാങ്കണത്തിൽ എത്തിച്ചേരുന്ന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകും.
വൈകിട്ട് 6ന് ഗുരുപൂജ, ആചാര്യവരണം, ഗണപതിപൂജ, ധാരയും. 12ന് രാവിലെ 5.30ന് ഗണപതിഹോമം, ഗുരുപൂജ, 9.30ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 6ന് ഭഗവതിസേവ, വാസ്തുപൂജ, പ്രസാദശുദ്ധി, ജീവകലശ ആവാഹനം, ബിംബ ശുദ്ധി, 13ന് രാവിലെ 4.30ന് മഹാഗണപതിഹോമം, 6ന് ഉഷഃപൂജ, 7ന് നവകലശ പൂജ. 8.31നും 9.25നും മദ്ധ്യേ ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദയുടെയും എസ്. ശ്യാംകുമാർ തന്ത്രികളുടെയും മുഖ്യ കാർമ്മികത്വത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം. 10ന് മഹാഗുരു പൂജ, മഹാനിവേദ്യം, ആചാര്യ ദക്ഷിണ, 10.30ന് ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദയുടെ അനുഗ്രഹ പ്രഭാഷണം. ഉച്ചയ്ക്ക് 1ന് അന്നദാനം.
വൈകിട്ട് 3ന് നടക്കുന്ന ഗുരുക്ഷേത്ര സമർപ്പണ യോഗത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിക്കും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ് ബാബു, സന്തോഷ് ജി. നാഥ്, അടുക്കളമൂല ശശിധരൻ, എസ്. എബി, എൻ. സുന്ദരേശൻ, ഡി. ബിനിൽകുമാർ, വാർഡ് അംഗം ആശ ബിജു, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസുദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഡി. ആദർശ് ദേവ്, സൈബർസേന യൂണിയൻ പ്രസിഡന്റ് പി.ജി. ബിനുലാൽ, ഇളമ്പൽ മഹാദേവ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.എസ്. മുരളി, വനിതാസംഘം ശാഖാ പ്രസിഡന്റ് ജെ. താമരാക്ഷി ടീച്ചർ തുടങ്ങിയവർ സംസാരിക്കും.
ശാഖാ പ്രസിഡന്റ് എൻ. സോമസുന്ദരൻ സ്വാഗതവും ശാഖാ സെക്രട്ടറി എൻ.വി. ബിനുരാജ് റിപ്പോർട്ടും വനിതാസംഘം ശാഖാ സെക്രട്ടറി എൻ. അംജാക്ഷി ടീച്ചർ നന്ദിയും പറയും. വൈകിട്ട് 7ന് റിയാലിറ്റി ഷോ താരം അനുനന്ദ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്. ശാഖാ പ്രസിഡന്റ് എൻ. സോമസുന്ദരനാണ് ഗുരുദേവ ക്ഷേത്രവും ഓഫിസും പണിയാൻ ആവശ്യമായ ഭൂമി സംഭാവനയായി നൽകിയത്.