c
ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയത്തിന്റെ രൂപരേഖ

കൊല്ലം: പീരങ്കി മൈതാനത്തിന് സമീപം ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചു. മഹാത്മാ അയ്യങ്കാളി പ്രതിമയ്ക്ക് പിന്നിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.43 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം ഉയരുക.
90 X 60 മീറ്റർ വിസ്തീർണത്തിൽ വിവിധ തരം കളികൾക്കും മത്സരങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിലാകും ഇൻഡോർ സ്റ്റേഡിയം പണിയുക. ഇതോടൊപ്പം 60 X 40 മീറ്റർ വലിപ്പത്തിൽ സെവൻസ് ഫുട്ബാൾ കോർട്ടും നിർമ്മിക്കും. വി.ഐ.പി പവലിയനുകൾ, വിശ്രമ മുറി, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയും സ്ഥാപിക്കും.
ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിലാണ് കൊല്ലം നഗരത്തിൽ ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ നാമത്തിൽ ഇൻഡോർ സ്റ്റേഡിയം പ്രഖ്യാപിച്ചത്.

 90 X 60 മീറ്റർ വിസ്തീർണത്തിൽ ഇൻഡോർ സ്റ്റേഡിയം.

 60 X 40 മീറ്റർ വലിപ്പത്തിൽ സെവൻസ് ഫുട്ബാൾ കോർട്ട്

 പദ്ധതി തുക 42.23 കോടി

1.43 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം ഉയരുക

പ്രധാന ആകർഷണം

വി.ഐ.പി പവലിയനുകൾ

വിശ്രമ മുറി

ടോയ്ലറ്റ് കോംപ്ലക്സ്

മിനി സ്വിമ്മിംഗ് പൂൾ

സെവൻസ് ഫുട്ബാൾ കോർട്ട്

രൂപരേഖ തയ്യാറാക്കിയത് കിറ്റ്കോ

സംസ്ഥാന സർക്കാർ ഏജൻസിയായ കിറ്റ്കോയാണ് സ്റ്റേഡിയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. 42.23 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്. 31.41 കോടിയുടെ നിർമ്മാണപ്രവൃത്തികളാണ് ഇപ്പോൾ ടെണ്ടർ ചെയ്തത്. ആദ്യ ടെണ്ടറിൽ തന്നെ കരാറായാൽ മൂന്ന് മാസത്തിനകം നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

അത്‌ലറ്റിക് ട്രാക്ക്

മൈതാനത്തോട് ചേർന്നുള്ള ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ ഫുട്ബാൾ ഗ്രൗണ്ടിന് ചുറ്റും അത്‌ലറ്റിക് ട്രാക്കും ടെന്നിസ് കോർട്ടിനോട് ചേർന്ന് ചെയ്ഞ്ചിംഗ് റൂമും രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീരങ്കി മൈതാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന മിനി സ്വിമ്മിംഗ് പൂളും നവീകരിച്ച് ഇൻഡോർ സ്റ്റേഡിയത്തിന്റെ ഭാഗമാക്കും.