thoovala
തൂവാല വിപ്ളവം; വായുവിലൂടെ പകരുന്ന രോഗ പ്രതിരോധനത്തിനുള്ള തൂവാല വിപ്ലവ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളിൽ കുട്ടികൾക്കൊപ്പം തൂവാല വീശി നിർവ്വഹിക്കുന്നു.

കൊല്ലം: വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ജില്ലയിൽ തൂവാല വിപ്ലവം ആരംഭിച്ചു.

ആരോഗ്യവകുപ്പിന്റെയും ജില്ലാ ടി.ബി സെന്ററിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തൂവാലകൾ വിതരണം നടത്തിയാണ് പദ്ധതി ആരംഭിച്ചത് . വായുവിലൂടെ പരക്കുന്ന ക്ഷയം, കൊറോണ, എച്ച്1എൻ1, നിപ്പ, ജലദോഷം തുടങ്ങിയ രോഗങ്ങൾ പകരുന്നത് തടയാൻ രോഗങ്ങളുടെ അപകടാവസ്ഥ വ്യക്തമാക്കി തൂവാല ഉപയോഗം വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം ഇത്തരം അസുഖങ്ങളെ തടുക്കുന്നതിൽ തൂവാലകൾക്ക് നിർണ്ണായക പങ്കുണ്ട്. കുട്ടികളിലൂടെയും അദ്ധ്യാപകരിലൂടെയും പൊതുജനങ്ങളിൽ ഈ ആശയമെത്തിക്കാൻ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷനാണ് സൗജന്യമായി തൂവാലകൾ ആരോഗ്യവകുപ്പിന് നൽകിയത്.

ജില്ലാതല ഉദ്ഘാടനം കൊല്ലം ഗേൾസ് ഹൈസ്ക്കൂളിൽ ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ നിർവഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.മണികണ്‌ഠൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന, പി.ടി.എ പ്രസിഡന്റ് അനന്തകൃഷ്ണൻ, ആരോഗ്യ പ്രവർത്തകരായ ഹരികുമാർ, ലതിക, ഹേമലത, ജയലക്ഷ്മി, ഫ്ലോറൻസിയ, നിർമൽ.എം.കുമാർ, സുരേന്ദ്രൻപിള്ള, ലാലു എന്നിവരും പങ്കെടുത്തു.

എന്തുകൊണ്ട് തൂവാല?

#ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും ഒന്നര മീറ്റർ ദൂരത്തിൽ വരെ അണുക്കളുടെ സഞ്ചാരമുണ്ടാവുകയും ഇവ വായുവിലൂടെ അന്തരീക്ഷത്തിൽ പടരുകയും ചെയ്യുന്നു.

# തൂവാലയുടെ ഉപയോഗത്തിലൂടെ ഇത് ശക്തമായി പ്രതിരോധിക്കാൻ കഴിയും.

# തൂവാലകൾ നാലായി മടക്കി വേണം ഉപയോഗിക്കാൻ. തോർത്താണ് ഉപയോഗിക്കുന്നതെങ്കിൽ അത് എട്ടായി മടക്കണം.

#ക്ഷയരോഗമുള്ള വ്യക്തി മതിയായ ചികിത്സ തേടിയില്ലെങ്കിൽ ഒരു വർഷം കൊണ്ട് 10 മുതൽ 15 വരെ രോഗികളെ സൃഷ്ടിക്കാം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.