palam
പാവുമ്പാമുത്തശ്ശി പാലം പുരാവസ്തു വകുപ്പ് ആർട്ടിക്ട് സൂപ്രണ്ട് രാജേഷ് സന്ദർശിക്കുന്നു

തഴവ: പാവുമ്പയ്ക്ക് വികസനത്തിലേക്കുള്ള വഴിയൊരുക്കിയ പാവുമ്പ മുത്തശ്ശി പാലത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമൊരുങ്ങുന്നു. ചരിത്രപ്രാധാന്യമുള്ള പാലത്തിന്റെ സ്ഥിതി നേരിട്ട് വിലയിരുത്താൻ പുരാവസ്തു വകുപ്പ് ആർക്കിടെക്ട് സൂപ്രണ്ട് രാജേഷ് കഴിഞ്ഞ ദിവസം സന്ദർശനം നടത്തി. പാലത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഈ മാസം 12ന് നിലം പൊത്താറായ പാവുമ്പയുടെ മുത്തശ്ശിപ്പാലം സംരക്ഷിക്കണം എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതരുടെ അടിയന്തര ഇടപെടൽ.

പാവുമ്പയെ പടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിച്ചിരുന്ന വെള്ളാരം കല്ലിൽ തീർത്ത പഴയപാലം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പഴക്കം, നിർമ്മാണരീതി, നിർമ്മാണ സാമഗ്രികളുടെ അപൂർവത എന്നിവ പരിഗണിച്ച് പാലം ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പുരാവസ്തു വകുപ്പ് ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. റോഡ് വികസനത്തിന് ആനുപാതികമായി പഴയ പാലത്തിനോട് ചേർന്ന് രണ്ട് തവണ പാലങ്ങൾ നിർമ്മിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടി.എസ് കനാലിൽ നിന്നും ആഴത്തിൽ മണ്ണെടുപ്പ് നടത്തിയതാണ് പഴയ പാലത്തിന്റെ തൂണ് ചരിയുവാൻ കാരണമായത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേരളകൗമുദിയിലെ വാർത്ത. ഇതാണ് അധികൃതരുടെ കണ്ണ് തുറപ്പിച്ചത്.

പാലത്തിന്റെ തനിമയും, പാരമ്പര്യവും നിലനിറുത്തി പുനർനിർമ്മാണം നടത്തുന്നതിനും സംരക്ഷിത സ്മാരകമാക്കി മാറ്റുന്നതിനും നടപടി സ്വീകരിക്കുമെന്ന് ആർക്കിടെക്ട് സൂപ്രണ്ട് രാജേഷ് അറിയിച്ചു. പുരാവസ്തു വകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിന്റെ സഹായത്തോടെയായിരിക്കും പുനർനിർമ്മാണം നടത്തുന്നത്. ഇതിനുള്ള നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്നും ആർടിക്ട് സൂപ്രണ്ട് പറഞ്ഞു.

500 വർഷത്തെ പഴക്കം

പാലം സംരക്ഷിക്കണമെന്ന നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് സംസ്ഥാന പുരാവസ്തു ഡയറക്ടർ മുമ്പ് നേരിട്ടെത്തി പാലം സന്ദർശിച്ചിരുന്നു. തുടർന്ന് പാലത്തിന് ശരാശരി അഞ്ഞൂറ് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ഇദ്ദേഹം അന്ന് അറിയിച്ചത്.

വെള്ളാരം കല്ല്

സംസ്ഥാനത്ത് തന്നെ അപൂർവമായി കാണപ്പെടുന്ന വെള്ളാരം കല്ലിൽ തീർത്ത മൂന്ന് മീറ്റർ നീളമുള്ള നാല് ഷീറ്റുകൾ പാറയുടെ തന്നെ ഇഷ്ടികയടുക്കിയുണ്ടാക്കിയ തൂണിൽ ഘടിപ്പിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കുമ്മായം ഉൾപ്പടെയുള്ള യാതൊരു മിശ്രിതവും ഉപയോഗിക്കാതെ ക്രമാനുഗതമായി പാറയടുക്കി നിർമ്മിച്ചിരിക്കുന്ന പാലം പ്രാചീന തച്ചുശാസ്ത്ര വൈദഗ്ദ്ധ്യത്തിന്റെ പ്രതീകം കൂടിയാണ്.

...............................

അഞ്ച് നൂറ്റാണ്ടിനപ്പുറം പാവുമ്പ നേടിയ പുരോഗതിയുടെ അടയാളമാണ് മുത്തശ്ശി പാലം. ഇത് വരും കാലം വായിച്ചറിയുവാൻ
ഉചിതമായ നിലയിൽ സംരക്ഷിക്കണമെന്നത് ജനങ്ങളുടെ പൊതുതാൽപ്പര്യമാണ്. ആ താൽപ്പര്യമാണ് ഇവിടെ അംഗീകരിക്കപ്പെട്ടത്. ഏറെ സന്തോഷമുണ്ട്. പാലത്തിന്റെ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയിലെത്തിച്ച കേരളകൗമുദിയുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്.

എസ്. ശ്രീലത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തഴവ

.............................................

പാവുമ്പയുടെ പൈതൃക സ്മാരകമായി നിലനിൽക്കുന്ന മുത്തശ്ശി പാലം സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
അതിന് പുരാവസ്തു വകുപ്പ് മുന്നോട്ട് വന്നപ്പോൾ പാവുമ്പാ നിവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് സഫലമാകുന്നത്.
പാലത്തിന്റെ ദൈന്യത ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിച്ച കേരളകൗമുദിയോട് ഒരു വലിയ ജനത കടപ്പെട്ടിരിക്കുന്നു.
പാവുമ്പാ സുനിൽ, ഗ്രാമ പഞ്ചായത്തംഗം