പുനലൂർ: ബന്ധുക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ചോർന്നൊലിക്കുന്ന ചെറ്റക്കുടിലിൽ ദുരിത ജീവിതം നയിച്ച് വന്ന വയോധികനെയും ചെറുമകനെയും ഇടമൺ ഗുരുകുലം അഭയകേന്ദ്രം ഏറ്റെടുത്തു. കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ തെന്മല പതിമൂന്ന് കണ്ണറ പാലത്തിന് സമീപം റോഡുപുറമ്പോക്കിലെ ചെറ്റക്കുടിലിൽ താമസിച്ച് വന്ന മസൂദ് (65), സുലൈമാൻ(9) എന്നിവരെയാണ് ഏറ്റെടുത്തത്. മേൽക്കൂര പൂർണമായും തകർന്ന വീട്ടിൽ ടാർ പാളിൻ കെട്ടിയാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവരുടെ ദുരിത ജീവിതം ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് അംഗം ആർ. സുരേഷ് പുനരധിവാസത്തിന് മുൻ കൈയെടുക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥ പിളള, പഞ്ചായത്ത് അംഗം എസ്. രഞ്ജിത്ത് തുടങ്ങിയവർ ഇടമൺ ഗുരുകുലം അഭയ കേന്ദ്രം അധികൃതരെ വിവരം അറിയിച്ചു. പിന്നീട് മേൽക്കൂര ഇല്ലാത്ത വീട്ടിൽ എത്തിയ ഗുരുകുലം അഭയകേന്ദ്രം പ്രസിഡന്റ് ഇടമൺ റെജി, പി.ആർ.ഒ. ബി.ആർ.സി. വർഗീസ് എന്നിവർ ചേർന്ന് വയോധികനെയും ചെറുമകനെയും ഏറ്റെടുക്കുകയായിരുന്നു.