photo
അനീഷ് ബാബു

കൊട്ടാരക്കര: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു ഇരുപത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ യുവ കശുഅണ്ടി വ്യവസായി അറസ്റ്റിൽ. കൊട്ടാരക്കര അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമ അമ്പലക്കര വാഴവിള വീട്ടിൽ അനീഷ് ബാബു(29)വിനെയാണ് കൊട്ടാരക്കര പൊലീസ് ശാസ്തമംഗലത്തെ ഫ്ളാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്.

അഞ്ചൽ റോയൽ കാഷ്യൂസ് ഉടമ കുഞ്ഞുമോന്റെ പക്കൽ നിന്നു 14 കോടി 38 ലക്ഷം രൂപയും ആദിച്ചനല്ലൂർ സ്വദേശി ഫെർണാണ്ടസിന്റെ പക്കൽ നിന്നു 4.48 കോടി രൂപയും ആഫ്രിക്കൻ സ്വദേശിയായ മൈക്കിളിന്റെ 76 ലക്ഷം രൂപയും തട്ടിയ കേസിലാണ് അറസ്റ്റ്. 2019ലാണ് പണം വാങ്ങിയത്. അക്കൗണ്ട് വഴിയാണ് പണം കൈമാറ്റം ചെയ്തത്. ഏറെ നാളുകൾ കഴിഞ്ഞിട്ടും തോട്ടണ്ടി എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് വ്യവസായികൾക്ക് ബോധ്യമായത്. തുടർന്ന് കൊല്ലം റൂറൽ എസ്.പിയ്ക്ക് പരാതി നൽകുകയായിരുന്നു. കേസെടുത്തതോടെ ഒളിവിൽപ്പോയ അനീഷ് ബാബു കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാനൊരുങ്ങവെയാണ് പിടിയിലായത്. കൊല്ലം സ്വദേശിയായ പ്രമുഖ വ്യാപാരിയെ കബളിപ്പിച്ച കേസിൽ മുൻപ് റിമാൻഡിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊട്ടാരക്കര സി.ഐ ടി.ബിനുകുമാർ, എസ്.ഐ സാബുജിമാസ്, എ.എസ്.ഐ ഷാജഹാൻ, സിവിൽപൊലീസ് ഓഫീസർമാരായ അജയകുമാർ, രാധാകൃഷ്ണപിള്ള, സലീൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടരന്വേഷണം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിൽ നടത്തുമെന്ന്

എസ്.പി ഹരിശങ്കർ അറിയിച്ചു.