navas
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ ആകെയുള്ള ടോയിലറ്റ് പൂട്ടിയ നിലയിൽ

ആകെയുള്ള ടോയിലറ്റും പൂട്ടി

ശാസ്താംകോട്ട: ജില്ലയിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ ശാസ്താംകോട്ടയിൽ ടോയിലറ്റ് കോംപ്ലക്സ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലാണ് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാതെ യാത്രക്കാർ വലയുന്നത്. ഒരു കിലോമീറ്ററിലധികം നീളമുളള പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിലുള്ള രണ്ട് ടോയിലറ്റുകളായിരുന്നു ഏക ആശ്വാസം. ഇത്ര ദൂരം നടക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ആവശ്യക്കാർ പ്ലാറ്റ്ഫോമിലെ കുറ്റിക്കാടിന്റെ മറവിൽ കാര്യം സാധിക്കാറാണ് പതിവ്. സ്റ്റേഷൻ കെട്ടിടത്തിൽ ആകെയുള്ള ടോയിലറ്റാകട്ടെ അധികൃതർ പൂട്ടിയ നിലയിലുമാണ്. ഇതോടെ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്രാനായി സ്റ്റേഷൻ മാസ്റ്ററുടെ മുമ്പിൽ താക്കോലിന് കാത്ത് നിൽക്കേണ്ട അവസ്ഥയാണ്.

യാത്രക്കാരുടെ പ്രതിഷേധം

പണം കൊടുത്ത് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ടോയിലറ്റ് കോംപ്ലക്സ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാരും പാസഞ്ചേഴ്സ് അസോസിയേഷനും റെയിൽവേ അധികൃതരെ സമീപിച്ചിട്ടും തുടർ നടപടികൾ ഉണ്ടായില്ല. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാത്തതിന് പുറമേ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന്റെ മേൽക്കൂര നിർമ്മാണം ഉൾപ്പെടയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്.

തിരക്ക് കൂടി

സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെയും യാത്ര അയക്കാൻ എത്തുന്നവരുടെയും എണ്ണം കൂടിയതോടെ ടോയിലറ്റിന്റെ ഉപയോഗവും കൂടി. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ആകെയുള്ള ടോയിലറ്റ് കൂടി അധികൃതർ പൂട്ടിയത്. പ്രദേശത്തെ ഇതര സംസ്ഥാനക്കാരായ താമസക്കാരും പ്രദേശത്തെ പണിക്കെത്തുന്ന തൊഴിലാളികളുമടക്കം ടോയിലറ്റ് ഉപയോഗിക്കാനെത്തുന്നവരുടെ എണ്ണം കൂടി. ശക്തമായ വേനലായതിനാൽ ജലക്ഷാമം കൂടി രൂക്ഷമായതോടെയാണ് ടോയിലറ്റ് പൂട്ടാൻ നിർബന്ധിതരായതെന്നാണ് അധികൃതരുടെ വാദം.