c
കെ.പി.സി.സി ഭാരവാഹികൾ

കൊല്ലം: കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ച കെ.പി.സി.സി ഭാരവാഹി പട്ടികയിൽ കൊല്ലം ജില്ലയിൽ നിന്ന് പത്തു പേർ. നാല് വൈസ് പ്രസിഡന്റുമാരും ആറ് ജനറൽ സെക്രട്ടറിമാരുമാണ് ജില്ലയിൽ നിന്നുള്ളത്.
പി.സി. വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, മോഹൻ ശങ്കർ, എഴുകോൺ നാരായണൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. പി.സി.വിഷ്ണുനാഥ് നിലവിൽ ചെങ്ങന്നൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും എഴുകോണിൽ നിന്നുള്ള കെ.പി.സി.സി അംഗമാണ്. കൊട്ടാരക്കര മാവടി സ്വദേശിയാണ്.

ജി. രതികുമാർ, സി.ആർ. മഹേഷ്, ജ്യോതികുമാർ ചാമക്കാല, എം.എം. നസീർ, എ. ഷാനവാസ് ഖാൻ, പി.രാജേന്ദ്രപ്രസാദ് എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയത്. ഇവരിൽ സി.ആർ. മഹേഷ് യൂത്ത് കോൺഗ്രസ് നേതാവായിരുന്നു. പി.രാജേന്ദ്രപ്രസാദ് ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. മറ്റു നാലുപേർ നിലവിൽ കെ.പി.സി.സി സെക്രട്ടറിമാരാണ്.

വൈസ് പ്രസിഡന്റുമാരിൽ വിഷ്ണുനാഥും എഴുകോൺ നാരായണനും എ ഗ്രൂപ്പുകാരാണ്. ശൂരനാട് രാജശേഖരൻ ഐ ഗ്രൂപ്പാണ്. മുല്ലപ്പള്ളി രാമചന്ദ്രനാണ് മോഹൻ ശങ്കറിന്റെ പേര് മുന്നോട്ടുവച്ചത്.

 മോഹൻ ശങ്കറിന് വൈകികിട്ടിയ അംഗീകാരം

മോഹൻ ശങ്കറിന് (72) വൈകി കിട്ടിയ അംഗീകാരമാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം. മക്കൾ രാഷ്ട്രീയത്തിലൂടെ പല കോൺഗ്രസ് നേതാക്കളുടെയും മക്കൾ മന്ത്രിമാരടക്കം ആയപ്പോൾ കേരളത്തിലെ ശക്തനായ മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ മകനായ മോഹൻ ശങ്കർ തഴയപ്പെടുകയായിരുന്നു.

കളങ്കരഹിതരും പൊതുജന അംഗീകാരമുള്ളവരും കെ.പി.സി.സി നേതൃത്വത്തിലേക്ക് വരണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടാണ് മോഹൻ ശങ്കറിന് തുണയായത്. 1969ൽ കൊല്ലം എസ്.എൻ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കവെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയത്തിലെത്തിയത്. മക്കൾ രാഷ്ട്രീയം എന്ന ആരോപണം തനിക്കെതിരെ ഉയരാതിരിക്കാൻ ആർ. ശങ്കർ മകനെ രാഷ്ട്രീയത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റായാണ് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്. കാലങ്ങളായി കെ.പി.സി.സി.സിയുടെ ജംബോ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരാളായി തുടരുകയായിരുന്നു. 1996ൽ താരതമ്യേന വിജയ സാദ്ധ്യത കുറഞ്ഞ കോട്ടയത്ത് നിന്ന് നിയമസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചുവെങ്കിലും ടി.കെ രാമകൃഷ്ണനോട് പരാജയപ്പെട്ടു. 12 വർഷമായി കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റാണ്. അതിനു മുമ്പ് എസ്.എൻ.ഡി.പി യോഗം കൗൺസിലറായിരുന്നു. നിലവിൽ എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം, എസ്.എൻ മെഡിക്കൽ മിഷൻ ഗവേണിംഗ് ബോഡി അംഗം എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ഭാര്യ: ലത. മക്കൾ: പ്രദീപ്, അനൂപ്