കൊല്ലം: സംസ്ഥാനത്തെ ആദ്യ ജൈവ വൈവിദ്ധ്യ പൈതൃക കേന്ദ്രമായ ആശാമത്ത് മാലിന്യം നിക്ഷേപിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുന്നതിന് പുറമേ അത്തരക്കാരെ ജയിലിലും അടയ്ക്കും. മാലിന്യനിക്ഷേപം രൂക്ഷമായതിനെ തുടർന്ന് എം. മുകേഷ് എം.എൽ.എ, കളക്ടർ ബി. അബ്ദുൾ നാസർ, എ.സി.പി എ. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്. തുറമുഖ വകുപ്പിന്റെ സഹകരണത്തോടെ യാത്രി നിവാസ് - അഡ്വഞ്ചർ പാർക്ക് റോഡ് രാത്രിയിൽ ബാരിക്കേഡ് കൊണ്ട് അടയ്ക്കും. സി.സി ടി.വി കാമറ സ്ഥാപിക്കുന്നതിനൊപ്പം പൊലീസ് പട്രോളിംഗും ഇവിടെ ശക്തമാക്കും. കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ജെ. രാജേന്ദ്രൻ, ജൈവ വൈവിദ്ധ്യ ബോർഡ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ലിന്റ ജോൺ, ജില്ലാ കോ- ഓർഡിനേറ്റർ രേഖ മോഹൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ആശ്രാമത്തെ 57. 53 ഹെക്ടർ സ്ഥലത്തെയാണ് ജൈവ വൈവിദ്ധ്യ പൈതൃക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ടൽച്ചെടികൾ, മാംസ ഭോജികളായ ചെടികൾ, വംശനാശ ഭീഷണി നേരിടുന്ന മരങ്ങൾ എന്നിവ ഈ മേഖലയിലുണ്ട്. ഇവയെല്ലാം നശിപ്പിക്കുന്ന തരത്തിൽ മനുഷ്യ വിസർജ്ജ്യവും ആശുപത്രി മാലിന്യങ്ങളും ബാർബർ ഷോപ്പിലെ മുടിയും ചാക്കുകളിലാക്കി ഇവിടെ തള്ളുകയാണ്. ഇടയ്ക്കിടെ സാമൂഹ്യവിരുദ്ധർ മാലിന്യത്തിന് തീയിടുമ്പോൾ പല അപൂർവ വൃക്ഷങ്ങളും ഒപ്പം കത്തിനശിന്നുണ്ട്.