c
ആനയടി ഗജമേള ഇന്ന്, നാടാകെ ഉത്സവ ലഹരിയിൽ

കുന്നത്തൂർ:പ്രശസ്തവും ജില്ലയിലെ തന്നെ ഏറ്റവും വലുതുമായ ആനയടി ഗജമേള ഇന്ന് (ശനി) നടക്കും.എൺപതിൽപ്പരം ഗജവീരൻമാരാണ് അണിനിരക്കുന്നത്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ,തൃക്കടവൂർ ശിവരാജു, പാമ്പാടി രാജൻ,പുതുപ്പള്ളി കേശവൻ,ചിറയ്ക്കൽ കാളിദാസൻ,ചെർപ്പുളശ്ശേരി പാർഥൻ,മംഗലാംകുന്ന് കർണ്ണൻ, ശരൺ അയ്യപ്പൻ,നന്ദിലത്ത് ഗോപാലകൃഷ്ണൻ,വലിയ പുരയ്ക്കൽ അര്യനന്ദൻ,ഉഷശ്രീ ശങ്കരൻ കുട്ടി,ചിറക്കര ശ്രീറാം തുടങ്ങിയ കേരളത്തിലെ തലയെടുപ്പുള്ള ഗജവീരൻമാർ അണിനിരക്കും.

ക്ഷേത്രത്തിന്റെ തെക്കുവശത്തെ മകരകൊയ്ത്തു കഴിഞ്ഞ ഏലായിലെ തഴവയലിൽ വൈകിട്ട് നാലോടെയാണ് അർദ്ധ ചന്ദ്രാകൃതിയിൽ കരിവീരൻമാർ അണിനിരക്കുന്നത്. ആയിരക്കണക്കിന് ആനപ്രേമികളും ഭക്തരും വിദേശികൾ അടക്കമുള്ളവരും ഉച്ച കഴിയുന്നതോടെ പൂരപറമ്പിലേക്ക് ഒഴുകിയെത്തും. ചൂടും പ്രതികൂല കാലാവസ്ഥയുമൊന്നും ആനപ്രേമികൾക്ക് പ്രശ്നമേയല്ല.വിവിധ ഉത്സവ സമിതികളും,ഭക്തരുടെ നേർച്ചയുമായാണ് ആനകളെ അണിനിരത്തുന്നത്.

ഉച്ചയ്ക്ക് 2ന് ഗ്രാമ പ്രദക്ഷിണം ആരംഭിക്കും.ഗജവീരൻ പാലക്കത്തറ റാവുവാണ് നരസിംഹസ്വാമിയുടെ തിടമ്പേറ്റുന്നത്. പിന്നിലായി നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരും കെട്ടുകാഴ്ചയും അണിനിരക്കും.സംഗമം ജംഗ്ഷൻ, പാറ,വഞ്ചിമുക്ക്,ആനയടി, കോട്ടപ്പുറം ജംഗ്ഷൻ വഴി ക്ഷേത്രത്തിലെത്തിച്ചേരും. ഗജമേളയ്ക്ക് കൊഴുപ്പേകാൻ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ പാണ്ടിമേളം കൊഴുപ്പേകും.

മേളയ്ക്കുശേഷം രാത്രിയിൽ കലാപരിപാടികളും അരങ്ങേറും.ഗജമേളയ്ക്കുള്ള എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു. വനം വകുപ്പ് സംഘം, മയക്കുവെടി വിദഗ്ധർ, പൊലീസ്,അഗ്നിശമന സേന, മെഡിക്കൽ സംഘം തുടങ്ങിയവർ മുൻകരുതലോടെ സജ്ജരായി നിലയുറപ്പിക്കും.ഭക്തരുടെ സൗകര്യാർത്ഥം സ്വകാര്യ ബസുകൾക്കു പുറമേ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് സ്പെഷ്യൽ സർവീസുകളും നടത്തും.