പൂർത്തീകരിച്ചത് അഞ്ചുവർഷമായി നിർമ്മാണം മുടങ്ങിയ വീട്
അഞ്ചാലുംമൂട് : വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങിയപ്പോൾ പൂർത്തിയായത് സാമ്പത്തിക പ്രതിസന്ധി മൂലം അഞ്ചു വർഷമായി നിർമ്മാണം മുടങ്ങിയ വീട്. അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികളാണ് സ്കൂളിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരൻ അഷ്ടമുടി സ്വദേശി സന്തോഷിന്റെ വീട് പൂർത്തീകരിച്ചു നൽകിയത്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് വീടിന് തുക അനുവദിക്കുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാൽ സന്തോഷ് രോഗബാധിതനായതോടെ നിർമ്മാണം പാതിവഴിയിൽ നിറുത്തി. സാമ്പത്തിക പ്രതിസന്ധിയും കൂട്ടായെത്തിയപ്പോൾ വീടെന്ന സ്വപ്‍നം ഉപേക്ഷിക്കുന്ന അവസ്ഥയായി. തുടർന്നാണ് പി.ടി.എ പ്രസിഡന്റ് ഷാജഹാന്റെയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങിയത്. പലരിൽ നിന്നായി മൂന്ന് ലക്ഷത്തോളം രൂപ സമാഹരിച്ചാണ് വീട് പൂർത്തിയാക്കിയത്. പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ അഡ്വ. എം.എസ്. ഗോപകുമാർ നിർവഹിച്ചു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ പിള്ള, പി.ടി.എ പ്രസിഡന്റ് ലിബുമോൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വീട് നിർമ്മാണത്തിൽ സഹായിച്ച ഏഴോളം പേരെ ആദരിച്ചു. വീടിന്റെ ഗൃഹ പ്രവേശന ചടങ്ങ് നാളെ നടക്കും.