case-diary

കൊല്ലം: ഇല്ലായ്മകളുടെ ചെറിയ വീട്ടിൽ നിന്ന് സമ്പന്നതയുടെ നെറുകയിലേക്കുള്ള അനീഷ് ബാബുവിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ബിസിനസിൽ നിന്നുള്ള ലാഭമാണ് അത്ഭുത വളർച്ചയ്ക്ക് പിന്നിലെന്നാണ് കൊട്ടാരക്കര അമ്പലക്കര ഗ്രാമവാസികൾ കരുതിയത്. എന്നാൽ, തട്ടിപ്പും വെട്ടിപ്പുമായിരുന്നുവെന്ന് അവർ മനസിലാക്കിയത് കഴിഞ്ഞ തവണ അനീഷ് ബാബുവിനെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തപ്പോഴായിരുന്നു. നാൽപ്പത് ദിവസത്തെ ജയിൽവാസം കഴിഞ്ഞിറങ്ങിയിട്ടും അനീഷ് ബാബു തട്ടിപ്പിന്റെ വഴിതന്നെ തിരഞ്ഞെടുത്തു. അതും ഹൈടെക് തട്ടിപ്പ്!. ഒടുവിൽ വീണ്ടും ജയിലിലേക്ക് പോയപ്പോൾ അനീഷ് ബാബുവിന്റെ കഥ നാട്ടിൽ സജീവ ചർച്ചയായി.

കൊട്ടാരക്കര അമ്പലക്കര വാഴവിള വീട്ടിൽ ബാബുവിന്റെ ഏക മകനാണ് അനീഷ്. പുത്തൂരിലെ കശുഅണ്ടി ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു ബാബു. ഫാക്ടറിയിൽ നിന്ന് ചെറിയ രീതിയിൽ കശുഅണ്ടി പരിപ്പ് കൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തി തുടങ്ങിയതാണ് ബിസിനസ്. അനീഷ് ബാബു എം.ബി.എ ബിരുദ പഠനം കഴിഞ്ഞെത്തിയപ്പോൾ അച്ഛന്റെ കശുഅണ്ടി ബിസിനസ് വിപുലപ്പെടുത്താൻ തീരുമാനിച്ചു. ചെറിയ സമ്പാദ്യവും കടം വാങ്ങിയതും പുത്തൂരിലെ കശുഅണ്ടി മുതലാളിമാരുടെ സഹായവും ചേർത്ത് ഒരു ഫാക്ടറി തുടങ്ങി. അത് മെച്ചപ്പെട്ടുവന്നതോടെ യുവ കശുഅണ്ടി വ്യവസായിയെന്ന നിലയിലേക്ക് അനീഷ് ബാബുവിന്റെ പേരും ശ്രദ്ധനേടി. തട്ടിപ്പിലൂടെ സമ്പത്ത് കൂമിഞ്ഞുകൂടുന്നതിന് മുൻപാണ് പനവേലിയിൽ നിന്ന് വിവാഹം ചെയ്തത്. വല്ലപ്പോഴും മാത്രമേ വീട്ടിലെത്താറുള്ളൂ. ഇവിടെ എത്തിയാൽ നാട്ടുകാരുമായി വലിയ അടുപ്പമില്ല. കുടുംബ വീടിനോട് ചേർന്ന് നിർമ്മിച്ച കോൺക്രീറ്റ് വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഭൂമി വാങ്ങി വലിയ ആഡംബര വീട് നിർമ്മിച്ചു. വീടിന്റെ മുറ്റത്ത് എപ്പോഴും പത്തിലധികം കാറുകൾ ഉണ്ടാകും. ബെൻസടക്കം മുന്തിയ വാഹനങ്ങൾ സ്വന്തമാക്കുന്നതാണ് അനീഷിന്റെ കമ്പം. ഒൻപത് ലക്ഷത്തിന്റെ ബൈക്കും വാങ്ങിയിരുന്നു.

വളർച്ച വളരെ പെട്ടെന്ന്

അമ്പലക്കര വാഴവിള കാഷ്യു ഫാക്ടറിയിൽ നിന്ന് തുടങ്ങിയ കശുഅണ്ടി വ്യവസായത്തിലൂടെ അനീഷ് ബാബു കേരളത്തിലെ കശുഅണ്ടി മുതലാളിമാരുമായും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കശുഅണ്ടി ഇറക്കുമതി ചെയ്യുന്നവരുമായി ബന്ധമുണ്ടാക്കി. ആഫ്രിക്കൻ രാജ്യമായ ടാർസാനിയയിലെത്തി ഫാക്ടറി തുടങ്ങുകയും ചെയ്തു. കേരളത്തിലെ കശുഅണ്ടി മുതലാളിമാർക്ക് തോട്ടണ്ടി എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരന്റെ വേഷമിട്ടത് അങ്ങനെയാണ്.

ടാൻസാനിയയിലെ ഐ.ആൻഡ് എം ബാങ്കിൽ 40.22 ലക്ഷം ഡോളർ അനീഷിന്റെ പേരിലുണ്ടെന്ന സിഫ്ട് രേഖ കാട്ടിയായിരുന്നു തട്ടിപ്പ്. എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസിന്റെ 1.60 കോടി രൂപയുടെ ചെക്ക്, ബാങ്കിന്റെ രേഖകൾ, കോടികളുടെ ബാങ്ക് ഇടപാടുകൾ സൂചിപ്പിക്കുന്ന എസ്.എം.എസ് സന്ദേശങ്ങൾ, കപ്പൽ ഏജൻസിയുടെ കത്ത് എന്നിവയെല്ലാം വ്യാജമായി തയ്യാറാക്കി ഇടപാടുകാരെ വിശ്വസിപ്പിച്ചു. കപ്പലിലാണ് തോട്ടണ്ടി എത്തിച്ച് നൽകുക. ആദ്യം ചെറിയ തോതിലാണ് പലരും തോട്ടണ്ടി ഇറക്കുമതി ചെയ്തത്. പലരുടെയും വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പിന്റെ പദ്ധതികൾ ആസൂത്രണം ചെയ്തത്.

നേരത്തെയും അകത്തായി

കൊല്ലത്തെ ജയലക്ഷ്മി കാഷ്യൂസ് ഉടമയുമായി ആദ്യഘട്ടത്തിൽ ചെറുകിട ബിസിനസ് നടത്തിയിരുന്ന അനീഷ് ബാബു ആഫ്രിക്കയിൽ നിന്ന് തോട്ടണ്ടി ഇറക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ചരക്കോടി രൂപയുടെ തട്ടിപ്പാണ് നേരത്തെ നടത്തിയത്. ഇക്കാര്യം ബോദ്ധ്യപ്പെട്ടതോടെ വ്യവസായി കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. അന്ന് കൊട്ടാരക്കരയിലെ ഒരു സർക്കിൾ ഇൻസ്പെക്ടറുമായി ഉല്ലാസ യാത്രയ്ക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്.

എന്നാൽ, വീണ്ടും തട്ടിപ്പിന്റെ പുതിയ മേഖലകളിലേക്ക് വ്യാപരിച്ചു. അമ്പലക്കരയിലെ വാഴവിള കാഷ്യൂസ് മറ്റൊരാളുടെ പേരിലേക്ക് എഴുതി നൽകേണ്ടി വന്നതും ഈ നിലയിലാണ്. പിന്നീട് ടാർസാനിയയിലേക്ക് കളംമാറ്റി. ബി.ഐ സതേൺ കാഷ്യൂ എക്സ്പോർട്ട്സ് എന്ന സ്ഥാപനം ടാർസാനിയയിൽ സ്ഥാപിച്ചു. ടാർസാനിയയിലെ തോട്ടണ്ടി ബ്രോക്കറുമാരുമായി ഡീൽ ഉറപ്പിച്ച രേഖകൾ കാട്ടിയ ശേഷമാണ് പലരിൽ നിന്നും പണം വാങ്ങിയത്.

അനീഷ് ബാബുവിന് സഹായിയായി പ്രവർത്തിച്ചിരുന്നത് ഇപ്പോൾ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഒരു സർക്കിൾ ഇൻസ്പെക്ടറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊട്ടാരക്കരയിൽ സി.ഐയായി ജോലി ചെയ്തുവരുമ്പോഴാണ് ഇദ്ദേഹവും അനീഷ് ബാബുവുമായി ചങ്ങാത്തം കൂടിയത്. ഒന്നിച്ച് വിദേശ യാത്രകളും മറ്റ് ഉല്ലാസ യാത്രകളുമൊക്കെ നടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസ് കേസുകൾ ഉണ്ടാകുമ്പോഴൊക്കെ സി.ഐയുടെ സഹായം അനീഷിന് ലഭിച്ചിരുന്നു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയ നിലയ്ക്ക് സി.ഐയുടെ പങ്കും അന്വേഷിക്കുമെന്നാണ് വിവരം. കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് ലഭിച്ച പരാതിയിൽ കൊട്ടാരക്കര സി.ഐ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനീഷ് ബാബുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്ന ഇയാളെ ശാസ്തമംഗലത്തെ ഫ്ളാറ്റിൽ നിന്നാണ് പിടികൂടിയത്. കൂടുതൽ പരാതിക്കാരും കോടികളുടെ തട്ടിപ്പും ഉള്ളതിനാലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ചില സീരിയൽ നടിമാർക്കൊപ്പം വഴിവിട്ട ജീവിതത്തിനാണ് അനീഷ് ബാബു അധികവും പണം വിനിയോഗിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന വിവരം. പലരിൽ നിന്നായി 50 കോടി രൂപയുടെ തട്ടിപ്പ് അനീഷ് ബാബു നടത്തിയിട്ടുണ്ടെന്നാണ് വിവരം.