huge-belly-

കൊല്ലം: എന്തിനും ഏതിലും സ്ത്രീകൾ ആഗ്രഹിക്കുന്ന സമത്വം കുടവയറിലും അവർക്ക് സ്വന്തം. കുടവയറിന്റെ കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാരെ കടത്തിവെട്ടിയെന്നാണ് പഠനങ്ങൾ പറയുന്നത്. 50 കഴിഞ്ഞ സ്ത്രീകളിൽ നല്ലൊരു ശതമാനവും 'കുടവയറികളാണത്രെ'. ജീവിതശൈലിയിലെ വ്യതിയാനമാണ് 10 വർഷത്തിനിടെയുണ്ടായ ഈ മാറ്റത്തിനു കാരണം. പൊണ്ണത്തടിയന്മാരുടെ കാര്യത്തിൽ പഞ്ചാബിനുപിന്നിൽ രണ്ടാം സ്ഥാനത്താണ് കേരളം. ദേശീയ കുടുംബാരോഗ്യ സർവേയുടെ കണ്ടെത്തലും ഇതുതന്നെ.

കേരളത്തിൽ 44 ശതമാനം സ്ത്രീകൾക്കും അമിതഭാരമുണ്ടെന്നാണ് അച്ചുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിന്റെ പഠനത്തിലെ കണ്ടെത്തൽ. പൊണ്ണത്തടിയന്മാർ 34 ശതമാനമേയുള്ളൂ. പൊണ്ണത്തടിയുള്ള 71 ശതമാനം സ്ത്രീകൾക്കും കുടവയറുണ്ട്. കൊച്ചിയിലെ 'ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ" (ഹാപ്) എന്ന സംഘടനയും സമാനമായ പഠനം നടത്തി.

കാരണങ്ങളും രോഗങ്ങളും

 വയറിൽ അമിത അളവിൽ കൊഴുപ്പടിയുന്നു

 കൊഴുപ്പ് കൂടിയ സമീകൃതമല്ലാത്ത ഭക്ഷണക്രമം

 കുടവയറിലൂടെ ജീവിതശൈലീ രോഗങ്ങൾ പിടിമുറുക്കുന്നു

 പ്രമേഹത്തിനും സാദ്ധ്യത കൂടുതൽ

 ഓർമ്മയാകുന്ന അടുക്കള ജിം

അടുക്കളയായിരുന്നു സ്ത്രീകളുടെ ജിംനേഷ്യം. എന്നാൽ അരയ്‌ക്കാനും ഇടിക്കാനും പൊടിക്കാനും വെള്ളം കോരാനുമെല്ലാം യന്ത്രങ്ങളെത്തിയതോടെ നല്ലൊരു ശതമാനം സ്ത്രീകളുടെയും വ്യായാമം ഇല്ലാതായി. ഭക്ഷണരീതി മാറിയതോടെ പൊണ്ണത്തടിയും കുടവയറും പിടിമുറുക്കി.

പ്രമേഹം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവ ബാധിക്കുന്നതിൽ പുരുഷന്മാർക്കൊപ്പമാണ് ഇന്ന് സ്ത്രീകൾ. ഹൃദ്രോഗത്തിന്റെ തോതും സ്ത്രീകളിൽ ഉയരുകയാണ്. മാസമുറ കാരണം ഉത്പാദിപ്പിക്കപ്പെടുന്ന 'ഇസ്ട്രോജൻ" എന്ന ഹോർമോൺ ഹൃദ്രോഗ സാദ്ധ്യതയെ ഒരു പരിധി വരെ പ്രതിരോധിക്കും. എന്നാൽ ഇസ്ട്രോജനെ അതിജീവിക്കുന്ന പ്രതിഭാസം ഇപ്പോൾ കാണുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

'പൊണ്ണത്തടിയും കുടവയറും അമിതഭാരവും നിയന്ത്രിക്കാൻ സർക്കാർ പ്രത്യേക പദ്ധതി രൂപീകരിക്കണം. അല്ലെങ്കിൽ ജീവിതശൈലീ രോഗികളുടെ എണ്ണം ഇനിയും ഉയരും".

- ഡോ. കെ. വിജയകുമാർ,

സെക്രട്ടറി, ഹാപ്