2002ലെ സാർസ് ഭീതിക്കും 2012ലെ മെർസ് ഭീതിക്കും മുകളിലേക്കാണ് 2020ലെ കൊറോണ എന്ന നവജാത ഭീകരന്റെ രംഗപ്രവേശം. സാധാരണ ജലദോഷപ്പനി ഉണ്ടാക്കുന്ന (35 ശതമാനം വരെ ജലദോഷത്തിന് ഹേതുവായ വൈറസ്) ഏകനാഡീ ആർ.എൻ.എ വൈറസിന്റെ ജനിതകമാറ്റം വഴി സംഹാരരൂപത്തിൽ അവതരിച്ചപ്പോൾ ലോകരാഷ്ട്രങ്ങൾ സംഭിച്ചുപോയി. കഴിഞ്ഞ ദിവസം വരെ 26 മരണങ്ങളും അയ്യായിരത്തിലേറെ കേസുകളും ഉണ്ടായപ്പോൾ തന്നെ ചൈനയെന്ന മഹാരാജ്യം പോലും ഞെട്ടി.
ക്രൗണിന്റെ രൂപസാദൃശ്യമാണ് കൊറോണ വൈറസിന് ഈ പേര് കിട്ടുന്നതിനുള്ള കാരണം. സസ്തനികളിലും പക്ഷികളിലും ശ്വാസകോശരോഗങ്ങളും ഉദരരോഗങ്ങളും ഉണ്ടാക്കുന്ന ഈ വൈറസ് മനുഷ്യരിലേക്ക് എത്തുന്ന വഴി ഇതുവരെയും പൂർണ വ്യക്തത കൈവരിച്ചിട്ടില്ല.
രോഗലക്ഷണങ്ങൾ
മറ്റ് ജലദോഷപ്പനി ഉണ്ടാക്കുന്ന വൈറസുകളെ അപേക്ഷിച്ച് വൈറസ് ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞ് മാത്രമേ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാവൂ. മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, ചുമ, പനി, തലവേദന, ഒരു കഠിന രോഗാവസ്ഥയെന്ന തോന്നൽ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. തുടർ ദിവസങ്ങളിൽ ശ്വാസതടസവും അപൂർവമായി നെഞ്ചിൽ വെള്ളക്കെട്ടും ഉണ്ടാകാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യതയുള്ളതിനാൽ രോഗികളിൽ നിന്നുള്ള സ്രവങ്ങൾ ശരീരത്തിൽ പ്രത്യേകിച്ചും മുറിവുകളിലുള്ള സമ്പർക്കത്തിൽ വരാതിരിക്കുന്നതിനായി പരമാവധി ശ്രദ്ധിക്കണം.
ചികിത്സ
മാരക രൂപത്തിലേക്ക് പോകുന്ന പക്ഷം റൈബാവറിൻ എന്ന ആന്റി വൈറസ് ഔഷധം കുറേയേറെ പ്രയോജനപ്പെടുന്നതായി കാണുന്നു. ശ്വാസതടസം കഠിനമാണെങ്കിൽ വെന്റിലേറ്റർ വഴിയുള്ള ചികിത്സയും സ്റ്റിറോയ്ഡ് ഔഷധങ്ങളും ഗുണം ചെയ്യും.
പ്രതിരോധം
വാക്സിനുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതിനാൽ സ്വയം പ്രതിരോധമാണ് അഭികാമ്യം.
രോഗലക്ഷണമുള്ളവരുമായി സമ്പർക്കം കഴിവതും ഒഴിവാക്കണം.
പ്രായമേറിയവരും പ്രമേഹം പോലെ പ്രതിരോധ ശക്തി കുറയ്ക്കുന്ന രോഗങ്ങളുള്ളവരും ആശുപത്രി സന്ദർശനങ്ങളും പൊതുസ്ഥലത്ത് പോകുന്നതും ഒഴിവാക്കണം.
വളർത്തുമൃഗങ്ങളായ പട്ടി, പൂച്ച, പക്ഷികൾ എന്നിവയ്ക്ക് എന്തെങ്കിലും അസ്വസ്ഥതകൾ കാണുന്നുവെങ്കിൽ അവയുമായുള്ള സമ്പർക്കം ഒഴിവാക്കണം.
ഇപ്പോഴത്തെ വൈറസ് 'വുഹാൻ' ഇറച്ചി മാർക്കറ്റിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് നിഗമനമുള്ളതിനാൽ മത്സ്യ - മാംസാദികൾ നല്ലപോലെ പാകം ചെയ്തേ ഉപയോഗിക്കാവൂ.
ഡോ.കെ.വേണുഗോപാൽ
സീനിയർ കൺസൾട്ടന്റ്,
ശ്രീമംഗലം, പഴവീട്.
ആലപ്പുഴ.
ഫോൺ: 9447162224.