ഞാങ്കടവ് കുടിവെള്ള പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യം
കൊല്ലം: നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഞാങ്കടവ് കുടിവെള്ള പദ്ധതി സാങ്കേതിക തടസങ്ങൾ നീക്കി വേഗത്തിൽ യാഥാർത്ഥ്യമാക്കണമെന്ന് മേയർ ഹണി ബെഞ്ചമിൻ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് നഗരത്തിൽ കുടിവെള്ളം ലഭിക്കുന്നത്. ശാസ്‌താംകോട്ട കായലിനെ മാത്രം ആശ്രയിച്ച് നഗരത്തിലെ ജല ഉപഭോഗം നിർവഹിക്കാനാവില്ലെന്നും മേയർ പറഞ്ഞു.
ഇതോടെ കുടിവെള്ള ക്ഷാമവും കുടിവെള്ള പദ്ധതികളും വികസന സമിതിയിൽ ചർച്ചയായി. ചടയമംഗലത്ത് കുടിവെള്ള പദ്ധതികളിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് എത്രയുംവേഗം ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കണമെന്ന് മുല്ലക്കര രത്‌നാകരൻ എം.എൽ.എ ആവശ്യപ്പെട്ടു. റോഡ് മുറിച്ച് പൈപ്പിടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബദൽ മാർഗങ്ങൾ കണ്ടെത്തണം. പരീക്ഷാകാലം അടുത്തതിനാൽ സ്‌കൂളുകളിൽ കുടിവെള്ള ക്ഷാമം നേരിടാതെ നോക്കേണ്ടതുണ്ട്. ആശുപത്രികൾ, ഓഫീസുകൾ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണം മുടങ്ങാതിരിക്കാൻ നടപടിയെടുക്കണമെന്നും മുല്ലക്കര ആവശ്യപ്പെട്ടു. പദ്ധതികളുടെ നിർവഹണത്തിന് വകുപ്പുതല ഏകോപനമുണ്ടാക്കാൻ ജില്ലാതല ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ കളക്ടർ ബി.അബ്‌ദുൽ നാസർ ആവശ്യപ്പെട്ടു.
കൊല്ലം - ചെങ്ങന്നൂർ വേണാട് സർവീസ് മുടങ്ങരുത്
കൊല്ലം- ചെങ്ങന്നൂർ വേണാട് ബസ് സർവീസ് മുടക്കം കൂടാതെ നടത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവൽ ആവശ്യപ്പെട്ടു. ഓച്ചിറ, ക്ലാപ്പന, ആലപ്പാട്, കുലശേഖരപുരം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ആവശ്യപ്പെട്ടു. കാട്ടിൽക്കടവ് പാലവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇരവിപുരം റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കണമെന്നും പുലിമുട്ടുകളുടെ നിർമ്മാണം വേഗത്തിലാക്കണമെന്നും എം. നൗഷാദ് എം.എൽ.എ ആവശ്യപ്പെട്ടു.
ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ഷാജി, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.