കൊല്ലം: നഗര വികസനവുമായി ബന്ധപ്പെട്ട് റെയിൽവേ ഭൂമി ലഭ്യമാക്കാനും ഇതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസുമായി ചർച്ച നടത്തിയതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു. ചിന്നക്കട പുള്ളിക്കട കോളനി റെയിൽവേയിൽ നിന്ന് വിട്ടുകിട്ടാനാവശ്യമായ നടപടി സ്വീകരിക്കും. ഇവിടെയുള്ളവരെ പുനരധിവസിപ്പിക്കാൻ കൊല്ലം കോർപ്പറേഷൻ നടപടികൾ സ്വീകരിച്ചെങ്കിലും ഭൂമി റെയിൽവേയുടേതായതിനാൽ പദ്ധതി നടപ്പാക്കാനായില്ല.
ഇവരെ ഒഴിപ്പിക്കാനുള്ള ഒരു ശ്രമവും ഫലപ്രദമാകില്ലെന്നാണ് മനസിലായത്. അതിനാൽ ഭൂമി കോർപ്പറേഷന് വിട്ടു നൽകുന്നതിനെക്കുറിച്ച് റെയിൽവേ ആലോചിക്കണം. ഫാത്തിമമാതാ കോളേജിന്റെ എതിർവശത്തുണ്ടായിരുന്ന ടി.എം.വർഗീസ് പാർക്ക് റെയിൽവേയ്ക്ക് നൽകിയതിന് പകരമായി റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഐ.ഒ.സി പമ്പ് നിലനിന്നിരുന്ന ചിന്നക്കടയിലെ ഭൂമി അനുവദിക്കണമെന്നും അതിൽ മൾട്ടിലവൽ പാർക്കിംഗ്, റെയിൽവ് കോറിഡോർ, മൊബിലിറ്റി ഹബ്ൃൃബ് എന്നിവയ്ക്കുള്ള പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള രണ്ടാം റെയിൽവേ കവാടത്തിനടുത്തുള കോർപ്പറേഷന്റെ ഭൂമി റെയിൽവേ ഏറ്റെടുത്ത് പകരമായി എസ്.എം.പി പാലസിനടുത്തുള്ള റെയിൽവേ ക്വാർട്ടേഴ്‌സ് ഭൂമി നൽകണം. ഇവിടെ ട്രാൻസ്‌പോർട്ട് ടെർമിനൽ നിർമ്മിക്കാനാണുദ്ദേശിക്കുന്നത്. പള്ളിയാർത്തുരുത്ത് ഐലന്റ് റെയിൽവേയിൽ നിന്ന് ലഭ്യമാക്കി ടൂറിസം വികസനത്തിനുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങൾക്കായി 40 ലക്ഷം രൂപ റെയിൽവേയ്ക്ക് കൊല്ലം കോർപ്പറേഷൻ നൽകിയിട്ടുണ്ട്. തുടർ ചർച്ചകളിലൂടെ ഇക്കാര്യം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.