കിലോയ്ക്ക് വില:30 രൂപ മാത്രം
ഒടിഞ്ഞുവീണ കുലകൾക്ക്: 15-18 രൂപ
കൊല്ലം: വേനലും വിലയിടിവും ജില്ലയിലെ ഏത്തവാഴ കർഷകരെ സമാനതകളില്ലാത്ത ദുരിതത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ കിലോഗ്രാമിന് 30 രൂപയിൽ താഴെ വിലയ്‌ക്കാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) പ്രാദേശിക വിപണികളിൽ ഏത്തക്കുല ലേലത്തിൽ പോയത്. സ്വകാര്യ വിപണികളിൽ ഇതിലും കുറവ് വിലയാണ് കർഷകർക്ക് ലഭിച്ചത്. കനത്ത ചൂടിൽ വിളവെത്തും മുമ്പേ ഏത്തക്കുലകൾ മിക്കതും ഒടിഞ്ഞ് വീണിരുന്നു. പാകമായി ഒടിഞ്ഞുവീണ കുലകൾക്ക് പോലും കിലോയ്‌ക്ക് 15 മുതൽ 18 വരെ രൂപ മാത്രമാണ് ലഭിച്ചത്. അഞ്ച് മുതൽ ഏഴ് കിലോ വരെ ശരാശരി തൂക്കം വരുന്ന ഒരു ഏത്തക്കുലയിൽ നിന്ന് കർഷകന് പരമാവധി ലഭിച്ചത് 150 രൂപ മുതൽ 200 രൂപ വരെ മാത്രം. ബാങ്ക് ലോൺ ഉൾപ്പെടെയെടുത്ത് കൃഷിയിറക്കി ദിവസവും കഠിനാധ്വാനം ചെയ്‌ത നൂറു കണക്കിന് കർഷകർക്ക് എണ്ണിത്തിട്ടപ്പെടുത്താനാകാത്ത നഷ്ടമാണുണ്ടായത്.
ഉൽപ്പാദനവും ഇറക്കുമതിയും വർദ്ധിച്ചു
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നമ്മുടെ കർഷകർ വൻ തോതിൽ ഏത്തവാഴ കൃഷി ചെയ്‌തതോടെ പ്രാദേശിക ഉൽപ്പാദനത്തിന്റെ തോതുയർന്നു. വിപണിയിൽ സുലഭമായി നാടൻ ഏത്തക്കുലകൾ ലഭിച്ചതാണ് വിലയിടിവിനുള്ള കാരണങ്ങളിലൊന്ന്. ഇതിനൊപ്പം തമിഴ്നാട്ടിൽ നിന്ന് താരതമ്യേന വിലക്കുറവിൽ വൻ തോതിൽ ഏത്തക്കുലകൾ എത്തുകയും ചെയ്‌തു. കച്ചവടക്കാരിൽ പലരും വിലകുറവുള്ള തമിഴ്നാട് ഏത്തനോട് പ്രിയം കാട്ടിയതും നാട്ടിലെ സാധാരണ കർഷകനെ വലച്ചു.
വില ഉറപ്പ് വരുത്തിയില്ലെങ്കിൽ കൃഷി കാണില്ല
മണ്ണിൽ പണിയെടുക്കുന്ന കർഷകന് ന്യായവില ഉറപ്പ് വരുത്താൻ സർക്കാർ ഇടപെടൽ അനിവാര്യമാണ്. മുടക്ക് മുതൽ പോലും തിരികെ ലഭിക്കാത്ത സാഹചര്യമുണ്ടായാൽ യുവ കർഷകർ ഉൾപ്പെടെ രംഗം വിടും. കൃഷിയോടുള്ള താൽപ്പര്യത്തിനൊപ്പം സർക്കാർ പദ്ധതികളിലും സഹായങ്ങളിലും ആകൃഷ്‌ടരായി അടുത്തിടെ കൂടുതൽ പേർ കാർഷിക മേഖലയിൽ എത്തിയിരുന്നു. ഇവർക്കെല്ലാം ഉപജീവന മാർഗ്ഗമായി കൃഷി മാറണമെങ്കിൽ ന്യായ വില അനിവാര്യമാണ്.
.............
ജില്ലയിൽ ഏത്തക്കുലകളുടെ പ്രാദേശിക ഉൽപ്പാദനം വർദ്ധിച്ചത് വിലക്കുറവിന് ഇടയാക്കിയിട്ടുണ്ട്. വി.എഫ്.പി.സി.കെ വിപണികൾ കർഷകരെ സഹായിക്കാനായി പരമാവധി ന്യായവില ഉറപ്പാക്കുന്നുണ്ട്.
ഷീജ മാത്യു
ജില്ലാ മാനേജർ, വി.എഫ്.പി.സി.കെ, കൊല്ലം