പത്തനാപുരം: ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി പത്തനാപുരം നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വെളുമ്പി മുത്തശ്ശിക്ക് പത്തനാപുരം താലൂക്ക് ഇലക്ഷൻ
വിഭാഗത്തിന്റെ ആദരം. പിറവന്തൂർ വില്ലേജിൽ തച്ചക്കുളം ഈട്ടിവിളയിൽ വെളുമ്പിയെയാണ് (112)പത്തനാപുരം തഹസിൽദാർ കെ.ആർ. മിനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിനിമാതാരം ടി.പി. മാധവൻ പൊന്നാടയണിയിച്ച് ആദരിച്ചത്. മുപ്പത്തിയാറ് വർഷം മുമ്പ് ഭർത്താവും, ഒൻപത് വർഷം മുമ്പ്
രണ്ട് ആൺമക്കളും മരണപ്പെട്ടതോടെ ചെറുമക്കൾക്കും അവരുടെ മക്കൾക്കുമൊപ്പമാണ് വെളുമ്പി
മുത്തശ്ശി താമസിക്കുന്നത്. ആദ്യതിരഞ്ഞെടുപ്പ് മുതൽ കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ ഈ മുത്തശ്ശി മുടങ്ങാതെ വോട്ട് ചെയ്തുവരുന്നു. ആരോഗ്യം അനുവദിക്കുമെങ്കിൽ തുടർന്നുവരുന്ന തിരഞ്ഞെടുപ്പുകളിലും വോട്ട്
രേഖപ്പെടുത്തുമെന്ന് മുത്തശ്ശി പറഞ്ഞു. ഐക്യകേരള സംസ്ഥാന രൂപീകരണ ശേഷമുള്ള തിരഞ്ഞെടുപ്പ് മുതൽ വോട്ട് ചെയ്ത ഓർമ്മകളുണ്ട് വെളുമ്പി മുത്തശ്ശിക്ക്.