c
മനുഷ്യ മഹാ ശൃംഖല ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ

കൊല്ലം: ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയിൽ ജില്ലയിൽ 5 ലക്ഷത്തോളം പേർ കണ്ണിയാകും. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 60 കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യ മഹാശൃംഖല. ഓച്ചിറയിൽ കെ. സോമപ്രസാദ് എം.പി ആദ്യ കണ്ണിയാകും. കടമ്പാട്ടുകോണത്ത് സി.പി.ഐ നേതാവ് ആർ. ലതാദേവി ജില്ലാ അതിർത്തിയിലെ അവസാനകണ്ണിയാകും.
പ്രമുഖ നേതാക്കളായ കെ.എൻ. ബാലഗോപാൽ, ബിനോയ് വിശ്വം എം.പി, മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിഅമ്മ, കെ.രാജു, മുല്ലക്കര രത്‌നാകരൻ എം.എൽ.എ, എസ്.സുദേവൻ, കെ.ബി.ഗണേശ്കുമാർ എം.എൽഎ, പി.കെ. ഗുരുദാസൻ, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, മേയർ ഹണി ബഞ്ചമിൻ, എം.മുകേഷ് എം.എൽ.എ, കേരള കൗൺസിൽ ഒഫ് ചർച്ചസ് പ്രസിഡന്റ് ഡോ. ഉമ്മൻ ജോർജ്ജ്, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, കെ.ഡി.എഫ് ചെയർമാൻ പി. രാമഭദ്രൻ തുടങ്ങിയവരും വിവിധ ഘടകകക്ഷി നേതാക്കളും വൈദികരും കോളേജ് പ്രിൻസിപ്പൽമാരും ചിന്നക്കടയിൽ മഹാശൃംഖലയിൽ കണ്ണിയാകും.

തൊഴിലാളികൾ, വനിതകൾ, യുവാക്കൾ, വിദ്യാർത്ഥികൾ, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവർത്തകർ തുടങ്ങിയവരും അണിനിരക്കും. വൈകിട്ട് 3.30ന് റിഹേഴ്‌സൽ നടക്കും. 4 ന് ഭരണഘടനയുടെ ആമുഖം വായിക്കും. തുടർന്ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ. ശൃംഖലയ്ക്കുശേഷം വൈകിട്ട് പാരിപ്പള്ളി, കല്ലുവാതുക്കൽ, ചാത്തന്നൂർ, മൈലക്കാട്, ഉമയനല്ലൂർ, പള്ളിമുക്ക്, ചിന്നക്കട, കാവനാട്, വേട്ടുതറ, ചവറ ബസ് സ്റ്റാൻഡ്, ഇടപ്പള്ളിക്കോട്ട, കരുനാഗപ്പള്ളി, പുത്തൻതെരുവ്, ഓച്ചിറ എന്നീ കേന്ദ്രങ്ങളിൽ പൊതുയോഗം നടക്കും. വിവിധ മേഖലകളിലെ പ്രമുഖർ സംസാരിക്കും.