prd
റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രധാനവേദിയിൽ ജില്ലാ കളക്ടർ ബി. അബ്ദുൾ നാസറിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നു

 രാവിലെ 8ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പതാക ഉയർത്തും
കൊല്ലം: റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. വൈകിട്ട് സ്റ്റേഡിയത്തിൽ എത്തിയ ജില്ലാ കളക്ടർ പ്രധാന വേദി, പവലിയൻ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പരിശോധിച്ചു. സബ് കളക്ടർ അനുപം മിശ്ര, എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
രാവിലെ 8ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. പൊലീസ്, എക്‌സൈസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ്, സ്റ്റുഡന്റ് പൊലീസ്, ബാൻഡ് ട്രൂപ്പുകൾ എന്നീ വിഭാഗങ്ങൾ ഉൾപ്പടെ 20 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദേശഭക്തി ഗാനവും ഡിസ്‌പ്ലേയും ഉണ്ടാകും.

 ദേശീയ സംസ്ഥാന പാതയോരങ്ങൾ ശുചീകരിച്ചു

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ദേശീയ, സംസ്ഥാന പാതകളും കെ.എസ്.ടി.പി പാതയോരങ്ങളും ബഹുജന പങ്കാളിത്തത്തോടെ ശുചീകരിച്ചു. ജില്ലാ തലത്തിൽ കർബല ജംഗ്ഷനിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് കൂടതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് മേയർ പറഞ്ഞു.
ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ, ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജെ. രാജേന്ദ്രൻ, വാർഡ് കൗൺസിലർ റീന സെബാസ്റ്റ്യൻ, റെയിൽവേ ഡിവിഷൻ മാനേജരുടെ പ്രതിനിധി, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജി. സുധാകരൻ, കോർപ്പറേഷൻ സെക്രട്ടറി എ.എസ്. അനൂജ, ഹെൽത്ത് ഓഫീസർ ഡോ. ഗോപിക, ശുചീകരണ വിഭാഗം തൊഴിലാളികൾ, ആശാ വർക്കർമാർ, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കാളികളായി.
ജില്ലയിൽ 42 ഗ്രാമപഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനും മൂന്ന് മുനിസിപ്പാലിറ്റികളും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. ശേഖരിച്ച അജൈവ മാലിന്യം നിശ്ചിത കേന്ദ്രങ്ങളിൽ നിന്ന് എക്‌സ് സർവീസ്‌മെൻ ചാരിറ്റബിൾ ട്രസ്റ്റ് സംഘടന ഇന്ന് മുതൽ ഏറ്റെടുത്ത് ശാസ്ത്രീയമായി സംസ്‌കരിക്കും.