കൊട്ടാരക്കര: ആട്ടോറിക്ഷയിൽ മിനി ബാറൊരുക്കി മൊബൈൽ മദ്യ വിൽപ്പന നടത്തിയ പ്രതി പിടിയിൽ. ഏരൂർ ചില്ലിംഗ് പ്ളാന്റിന് സമീപം മണി വിലാസത്തിൽ അനിമോനെയാണ് (45) ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏരൂർ ആട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്ന അനിമോൻ അടുത്തകാലത്താണ് ആട്ടോ സഞ്ചരിക്കുന്ന ബാറാക്കി മാറ്റിയത്. ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങുന്ന മദ്യം സഞ്ചരിക്കുന്ന ആട്ടോയിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതാണ് രീതി.
ടച്ചിംഗ്സ്, സോഡ, മിനറൽ വാട്ടർ, ഗ്ളാസ് തുടങ്ങി എല്ലാ സൗകര്യങ്ങളും ആട്ടോയിലുണ്ട്. ബാറിലെ മദ്യത്തിന്റെ വിലയാണ് ഈടാക്കുന്നത്. പതിവുകാരല്ലാത്തപ്പോൾ തുക കൂടും. മദ്യം കഴിച്ച് പൂസായി ഇറങ്ങുന്നവർ അനിമോന് ടിപ്പ് നൽകുന്ന രീതിയുമുണ്ട്. വ്യാപാരികളും സഹആട്ടോക്കാരും യാത്രക്കാരുമൊക്കെയാണ് സ്ഥിരം കസ്റ്റമേഴ്സ്. ഒഴിച്ച് കൊടുപ്പിന് പുറമെ കുപ്പി കണക്കിന് വിൽപ്പനയുമുണ്ട്. ആവശ്യക്കാരൻ അറിയിച്ചാൽ വീടുകളിൽ എത്തിച്ച് നൽകും.
ബിവറേജസിൽ നിന്ന് കൂടുതൽ മദ്യം വാങ്ങിയാണ് സഞ്ചരിക്കുന്ന ബാർ ഒരുക്കിയത്. ഒരാൾക്ക് പരിധിയിൽ കൂടുതൽ മദ്യം നൽകാറില്ലെങ്കിലും അനിമോന് ബിവറേജസ് ഔട്ട്ലെറ്റിൽ ഈ പരിധി ബാധകമല്ല. സഞ്ചരിക്കുന്ന ബാറിന്റെ വാർത്ത ഏരൂർ പൊലീസിന്റെ ചെവിയിൽ എത്തിയതോടെയാണ് സി.ഐ ജി.സുഭാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അനിമോനെ ആട്ടോ സഹിതം കസ്റ്റഡിയിലെടുത്തത്. അപ്പോഴും നാല് ലിറ്റർ മദ്യം ആട്ടോയിലുണ്ടായിരുന്നു. ഗ്ളാസുകളും ടച്ചിംഗ്സും സോഡയും വെള്ളവുമൊക്കെ ഉൾപ്പടെയാണ് ആട്ടോ കസ്റ്റഡിയിലെടുത്തത്.