ബോട്ട് ജെട്ടി മുതൽ ജലകേളി കേന്ദ്രം വരെ ബോട്ടിൽ സഞ്ചരിക്കും
കൊല്ലം: കൊല്ലം തോടിന്റെ നവീകരണം വിലയിരുത്താനും ടൂറിസം സാദ്ധ്യതകൾ പരിശോധിക്കാനും മുഖ്യമന്ത്രി എത്തുന്നു. ഫെബ്രുവരി രണ്ടാം വാരമെത്തുന്ന മുഖ്യമന്ത്രി കൊല്ലം ബോട്ട് ജെട്ടി മുതൽ ജലകേളി കേന്ദ്രം വരെ കൊല്ലം തോട്ടിലൂടെ ബോട്ടിൽ സഞ്ചരിക്കും. തോടിന്റെ ഇരുവശങ്ങളിലും തീരത്ത് നടപ്പാതകളും കൈവരികളും, തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ ബയോ ഫെൻസിംഗ്, ബോട്ട് സർവീസ് ആരംഭിക്കാൻ ബോട്ട് ജെട്ടികളുടെ നിർമ്മാണം തുടങ്ങിയ പദ്ധതികൾ മുഖ്യമന്ത്രിയുടെ സന്ദർശനവേളയിൽ ചർച്ച ചെയ്യും.
അഞ്ച് റീച്ചുകളിൽ രണ്ടെണ്ണം പൂർത്തിയായി
അഞ്ച് റീച്ചുകളായി നടക്കുന്ന കൊല്ലം തോട് വികസനത്തിൽ രണ്ടെണ്ണം നൂറ് ശതമാനം പൂർത്തിയായിട്ടുണ്ട്. അതേസമയം മൂന്നാം റീച്ചിലെ വികസനത്തിന്റെ കരാർ നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പ് റദ്ദാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച രണ്ടാം റീച്ചിലെ നവീകരണത്തിന്റെ കാലാവധി അടുത്ത ജൂലായ് വരെയുണ്ടെങ്കിലും ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്.
നവീകരണ പുരോഗതി
റീച്ച് 1 - താന്നികായൽ - ഇരവിപുരം പാലം- 100 %
റീച്ച് 2 - ഇരവിപുരം പാലം - കച്ചിക്കടവ് - 10 %
റീച്ച് 3 - കച്ചിക്കടവ് - ജലകേളി കേന്ദ്രം - 11 % (കരാർ റദ്ദാക്കി)
റീച്ച് 4 - ജലകേളി കേന്ദ്രം - പള്ളിത്തോട്ടം പാലം - 90 %
റീച്ച് 5 - പള്ളിത്തോട്ടം പാലം - കല്ലുപാലം - 100 %
'' കൊല്ലം തോടിന്റെ നവീകരണ പുരോഗതി വിലയിരുത്താനാണ് മുഖ്യമന്ത്രി വരുന്നത്. ഒപ്പം തോടിന്റെ ടൂറിസം സാദ്ധ്യത സംബന്ധിച്ച ചർച്ചകളും നടക്കും.''
നന്ദൻ (ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടർ)