ഓച്ചിറ: നഷ്ടപ്രതാപത്തിന്റെ ഓർമ്മകൾ പേറുന്ന ഓച്ചിറ ഗവ. ഹൈസ്കൂളിനെ പഴയ പ്രൗഢിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തകൃതി. പൂർവ വിദ്യാർത്ഥി സംഘടനയായ മഹാകൂട്ടായ്മയുടെയും സ്കൂൾ പി.ടി.എയുടെയും നേതൃത്വത്തിലാണ് സ്കൂളിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. 128 വർഷം മുമ്പ് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഓച്ചിറ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുകാലത്ത് രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. എന്നാൽ ഇന്ന് അത് അഞ്ഞൂറോളം വിദ്യാർത്ഥികളായി ചുരുങ്ങി.
ക്ളാസ് മുറികളുടെ അപര്യാപ്തതയാണ് സ്കൂൾ നേരിടുന്ന പ്രധാന പ്രശ്നം. നാലുകെട്ട് രീതിയിലുള്ള പ്രധാന കെട്ടിടം കാലപ്പഴക്കം കാരണം ഇപ്പോൾ ഉപയോഗിക്കുന്നില്ല. ഇത് പരിഹരിക്കുന്നതിനാണ് പ്രധാനമായും പ്രാമുഖ്യം നൽകുന്നത്. സ്കൂളിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൂർവവിദ്യാർത്ഥികൾ ചേർന്ന് കഴിഞ്ഞ വർഷം മഹാകൂട്ടായ്മ എന്ന പേരിൽ സംഘടന രൂപീകരിച്ചത്. കൂട്ടായ്മയുടെ ശ്രമഫലമായി 4 കോടി രൂപ ചെലവ് വരുന്ന ബഹുനില മന്ദിരത്തിന് ഭരണാനുമതി ലഭിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആർ.ഡി. പത്മകുമാർ പ്രസിഡന്റും കബീർ എൻസൈൻ സെക്രട്ടറിയും കെ.ബി. ഹരിലാൽ ട്രഷറുമായ കമ്മിറ്റിയാണ് മഹാകൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.
ചുറ്റുമതിലിൽ വിരിഞ്ഞ് മനോഹര ചിത്രങ്ങൾ
നവീകരണത്തിന്റെ ഭാഗമായി സ്കൂളിന്റെ ചുറ്റുമതിലിൽ പ്രശ്സതരുടെ ചിത്രങ്ങൾ അലേഖനം ചെയ്തു. മഹാത്മാഗാന്ധി, നെഹ്റു, അംബേദ്കർ, എ.പി.ജെ. അബ്ദുൽകലാം, ശ്രീനാരായണഗുരു, സാഹിത്യകാരന്മാരായ കുഞ്ഞുണ്ണിമാഷ്, വൈക്കം മുഹമ്മദ് ബഷീർ, ഉള്ളൂർ, ചങ്ങൻപുഴ, വള്ളത്തോൾ, കുമാരനാശാൻ, വി.ടി. ഭട്ടതിരിപ്പാട്, ഓച്ചിറക്കാരായ കാർട്ടൂണിസ്റ്റ് ശങ്കർ, ഓച്ചിറ വേലുക്കുട്ടി, കെ. സുരേന്ദ്രൻ, എസ്. ഗുപ്തൻനായർ, ഓച്ചിറ രാമചന്ദ്രൻ, ഗീഥാസലാം, മുൻ ഡെപ്യൂട്ടി സ്പീക്കർ എെഷാഭായി, നവോത്ഥാന നായകരായ ചട്ടമ്പിസ്വാമികൾ, അയ്യംകാളി, വക്കം അബ്ദുൾഖാദർ മൗലവി, പൊയ്കയിൽ യോഹന്നാൻ, മദർ തെരേസ കലാകാരന്മാരായിരുന്ന ഓച്ചിറ ശങ്കരൻകുട്ടി, ഓച്ചിറ രാഘവൻപിള്ള, ഗീഥാ സലാം, ഓച്ചിറ രാമചന്ദ്രൻ തുടങ്ങിയവരുടെ ഇനാമൽ ചിത്രങ്ങളാണ് സ്കൂൾ മതിലിൽ വരച്ചത്. തേവലക്കര അശോകൻ, കൊറ്റമ്പള്ളി ജഗന്നാഥൻ എന്നീ കലാകാരന്മാരാണ് ചിത്രകാരനായ എൻസൈൻ കബീറിന്റെ നിർദ്ദേശാനുസരണം ചിത്രരചന നടത്തുന്നത്.