n

കൊല്ലം: കിടപ്പുരോഗികളെ സംരക്ഷിക്കാൻ ജില്ലാ പഞ്ചായത്ത് പരിശീലനം നൽകി ഹോം നഴ്സുമാരെ സജ്ജമാക്കുന്ന 'നൈപുണ്യ' പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പുരുഷ നഴ്സുമാരെയും ഉൾപ്പെടുത്തും. ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ വനിതകളിൽ പകുതിയോളം പേർക്കും ജോലി ഉറപ്പാക്കിയശേഷമാകും അടുത്ത ബാച്ചിന്റെ പരിശീലനം. വൃദ്ധരുടെ പരിചരണവും കായികശേഷിയുള്ള ജോലികൾ ചെയ്യേണ്ട സാഹചര്യവും കണക്കിലെടുത്താണ് അടുത്ത ബാച്ചിൽ പുരുഷൻമാരെ ഉൾപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ 33 വനിതകൾക്കാണ് പരിശീലനം നൽകിയത്. ഇതിന്റെ ഉദ്ഘാടനം ഉദ്ഘാടനം ഫെബ്രുവരി 2ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർവഹിക്കും. പൂർണ വിശ്വാസ്യതയോടെ ഹോം നഴ്സുമാരെ നിയമിക്കുന്നതിനൊപ്പം ഇടനിലക്കാർ വഴിയുള്ള ചൂഷണം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്.

ഹോം നഴ്സിനെ ആവശ്യപ്പെടാം

ജില്ലാ ആശുപത്രി സൂപ്രണ്ട് ഇംപ്ലിമെന്റിംഗ് ഓഫീസറായ പദ്ധതിയിൽ 15 ദിവസത്തെ പരിശീലനത്തിന് ശേഷം ജില്ലാ പഞ്ചായത്തിൽ ഹോം നഴ്സുമാരുടെ ഡേറ്റാ ബാങ്കുണ്ടാക്കി സൂക്ഷിക്കും.100 രൂപ രജിസ്ട്രേഷൻ ഫീസ് മാത്രം വാങ്ങിയാണ് ഡേറ്റാബാങ്ക് ഉണ്ടാക്കുന്നത്.

പരിശീലനം ലഭിച്ചവരുടെ ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ ഉൾപ്പെടെയാണ് ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നത്. ഹോം നഴ്സിനെ ആവശ്യമുള്ളവർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ടാൽ, ആവശ്യക്കാരുടെയും ഹോംനഴ്സിന്റെയും സന്നദ്ധതയും താൽപര്യവും അനുസരിച്ച് ബാക്കി നടപടികൾ ജില്ലാ പഞ്ചായത്ത് നേരിട്ട് സജ്ജമാക്കും.

കുറഞ്ഞ വേതനം 10000

രോഗിയുടെ അവസ്ഥ കണക്കിലെടുത്താണ് നഴ്സുമാരുടെ ശമ്പളം നിശ്ചയിക്കുക. 10000 രൂപയിൽ കുറയാതെ ശമ്പളം ഉറപ്പാക്കി ഇത് ബാങ്ക് അക്കൗണ്ടിലിടും. അവധി ദിനം ഉൾപ്പെടെ നിശ്ചയിച്ച് ഉറപ്പിച്ച ശേഷമേ ഇവർ ജോലിയിൽ പ്രവേശിക്കുകയുള്ളു.

പരിശീലനം

പത്താംക്ലാസ് വരെ പഠിച്ച 30നും 50നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം

ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർമാരും പാലിയേറ്റീവ് നഴ്സുമാരുമാണ് ക്ലാസുകൾ നയിക്കുന്നത്.

പരിചരണം

പ്രസവാനന്തര ശുശ്രൂഷ, കിടപ്പുരോഗികളെ പരിചരിക്കൽ, കാൻസർരോഗികൾക്കുള്ള പരിചരണം


'നൈപ്യുണ്യ" പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പുരുഷ നഴ്സുമാരെ പരിശീലിപ്പിക്കും
-കെ.പ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി