കൊട്ടാരക്കര: റിപ്പബ്ലിക് ദിനാഘോഷം കൊട്ടാരക്കരയിൽ വർണാഭമായ ഘോഷയാത്രയോടെ നടന്നു. രാവിലെ 8ന് മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ അഡ്വ. പി. ഐഷാപോറ്റി എം.എൽ.എ പതാക ഉയർത്തി. താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 8.30ന് കൊട്ടാരക്കര ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച ഘോഷയാത്ര നഗരസഭാ വൈസ് ചെയർമാൻ ഡി. രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. താലൂക്കിലെ വിവിധ വിദ്യാലയങ്ങളിലെ ആയിരക്കണക്കിനു വിദ്യാർത്ഥികളും സാംസ്കാരിക പ്രവർത്തകരും വ്യാപാരി വ്യവസായികളും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ഹരിതകർമ്മ സേനയും ഘോഷയാത്രയിൽ പങ്കെടുത്തു. പോസ്റ്റോഫീസ് റോഡ് വഴി റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ, ഗണപതിക്ഷേത്രം റോഡ് വഴി മണികണ്ഠനാൽത്തറ ചുറ്റി ചന്തമുക്ക് വഴി ഘോഷയാത്ര പുലമൺ ജംഗ്ഷനിൽ എത്തിച്ചേർന്നു. തുടർന്ന് ചന്തമുക്ക്, ഓയൂർ റോഡ് വഴി ഹൈസ്ക്കൂൾ ജംഗ്ഷനിൽ സമാപിച്ചു. വാദ്യമേളങ്ങൾ, അലങ്കരിച്ച വാഹനങ്ങൾ, ഫ്ളോട്ടുകൾ, നിശ്ചലദൃശ്യങ്ങൾ, താലപ്പൊലി, മയിലാട്ടം, പഞ്ചാരിമേളം ,നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി. 11.30ന് മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ചേർന്ന സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ ബി. ശ്യാമളഅമ്മ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ പ്രശാന്ത് കാവുവിള അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പുഷ്പാനന്ദൻ, ആർ. രശ്മി എന്നിവർ സമ്മാനദാനം നിർവഹിച്ചു. സി. മുകേഷ്, ആർ. രാജശേഖരൻപിള്ള, എ. അമീർ, പി.എൻ. ഗംഗാധരൻ നായർ, കെ. മോഹനൻ പിള്ള, പെരുങ്കുളം സുരേഷ് എന്നിവർ സംസാരിച്ചു. തഹസിദാർ എ. തുളസീധരൻപിള്ള സ്വാഗതവും സി. പത്മചന്ദ്ര കുറുപ്പ് നന്ദിയും പറഞ്ഞു.