photo
പൗരത്വ നിയമ ഭേദഗതിക്കെതിരെ കരുനാഗപ്പള്ളിയിൽ എൽ.ഡി.എഫ് തീർത്ത മനുഷ്യമഹാ ശൃംഖലയിൽ ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് മൗലവി പ്രതിജ്ഞ ചൊല്ലിക്കെടുക്കുന്നു

കരുനാഗപ്പള്ളി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയപാതയിൽ എൽ.ഡി.എഫ് തീർത്ത മനുഷ്യമഹാ ശൃംഖല കരുനാഗപ്പള്ളിയിൽ മനുഷ്യ മഹാമതിലായി രൂപാന്തരപ്പെട്ടു. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്താണ് മനുഷ്യ മഹാ ശൃംഖല സംഘടിപ്പിച്ചത്. പതിനായിരങ്ങളാണ് ശൃംഖലയിൽ കണ്ണികളായത്. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ തെക്ക് കന്നേറ്റി മുതൽ വടക്കോട്ട് ഓച്ചിറ പ്രീമിയർ ജംഗ്ഷൻ വരെയാണ് മനുഷ്യശൃംഖല തീർത്തത്. യുവജന-സാംസ്കാരിക സംഘടനകൾ പ്രകടനമായി എത്തിയാണ് ശൃംഖലയുടെ ഭാഗമായത്. വൈകിട്ട് 3 മണി കഴിഞ്ഞതോടെ ജനങ്ങൾ പൂർണമായും ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗം കൈയടക്കി. 3.30 ന് ട്രയൽ ആരംഭിച്ചു. കന്നേറ്റി മുതൽ ഓച്ചിറ വരെയുള്ള 27 പോയിന്റുകളും ഒരു ചങ്ങലയിൽ അണി ചേർന്നതോടെ പരിപാടിക്ക് തുടക്കമായി. ആദ്യം ഭരണഘടനയുടെ ആമുഖം വായിച്ചു. 4 മണിക്ക് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. കരുനാഗപ്പള്ളി ടൗണിൽ ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും പുത്തൻതെരുവിൽ ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരുനാഗപ്പള്ളി ടൗൺ, പുത്തൻതെരുവ്, ഓച്ചിറ എന്നിവിടങ്ങളിൽ യോഗങ്ങളും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗണിൽ ആർ. രാമചന്ദ്രൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത്, വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള, വിജയമ്മ ലാലി, കമറുദ്ദീൻ മുസലിയാർ, രാജു, കരിമ്പാലിൽ സദാനന്ദൻ, പിംസോൾ അജയൻ, വി.പി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പുത്തൻ തെരുവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി, രാധാമണി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വേണുഗോപാൽ, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ,ജില്ലാ കമ്മിറ്റി അംഗം അഡ്വ. എം. ഗംഗാധരക്കുറുപ്പ്, അഡ്വ. ബി. ഗോപൻ, ഷിഹാബ് എസ്. പൈനുംമൂട് തുടങ്ങിയവർ സംസാരിച്ചു.