kozhi
ശസ്ത്രക്രിയയ്ക്ക് ശേഷം കാലിൽ പ്ലാസ്റ്ററിട്ട പൂവൻ കോഴിയുമായി ഉടമ ഷംസുദ്ദീൻ

കൊല്ലം: കാലിൽ തെരുവ് നായയുടെ കടിയേറ്റ പൂവൻ കോഴിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അപൂർവ്വ ശസ്ത്രക്രിയ നടത്തി. കണങ്കാലൊടിഞ്ഞ കോഴിയെ ഇൻഡ്രാമെഡുല്ലറി പിന്നിംഗ്, സർക്കുലർ വയറിംഗ് എന്നീ ചികിത്സാ സങ്കേതങ്ങളിലൂടെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

വാളത്തുംഗൽ കാവിന്റെ കിഴക്കതിൽ വീട്ടിൽ ഷംസുദ്ദീന്റെ കോഴിയ്ക്കാണ് ഇന്നലെ ഉച്ചയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. കാൽ ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ചത്. ജനറൽ അനസ്തേഷ്യ നൽകിയശേഷം ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കാൽ പൂർവ്വ സ്ഥിതിയിലാക്കിയത്. മുറിവുണങ്ങാൻ ആന്റിബയോട്ടിക് നൽകി. ഒരാഴ്ചയ്ക്ക് ശേഷം പ്ലാസ്റ്റർ ഇളക്കുമ്പോൾ കോഴിക്ക് പഴയതുപോലെ നടക്കാനാകും. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ പൂച്ചയെയും നായയെയും വിവിധ തരത്തിലുള്ള ശസ്ത്രക്രിയകൾക്ക് വിധേയമാക്കാറുണ്ട്. പക്ഷെ, കോഴിക്ക് എന്തുസംഭവിച്ചാലും കൊണ്ടുവരാറില്ല. ആദ്യമായാണ് കോഴിയ്ക്ക് ശസ്ത്രക്രിയ നടത്തുന്നത്. ഡോ. നിജിൽ ജോസ്, ഡോ. അജിത് ബാബു, അമീറ, അജയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.