പുനലൂർ: പുനലൂരിലും പരിസര പ്രദേശങ്ങളിലും ചൂട് രൂക്ഷമായതോടെ കുടിവെള്ള ക്ഷാമം നേരിടേണ്ടി വരുമോ എന്ന ആശങ്കയിൽ പ്രദേശവാസികൾ. കഴിഞ്ഞ ഒരാഴ്ചയായി കല്ലടയാറ്റിലെ ജലനിരപ്പ് ക്രമാതീമായി താഴുകയാണ്. ചൂട് കൂടിയതും തെന്മല പരപ്പാർ അണക്കെട്ടിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കല്ലട ഇറിഗേഷന്റെ ഇടത്, വലത് കര കനാലുകൾ വഴി വേനൽക്കാല കൃഷിക്കായി ഒഴുക്കി വിടാൻ തുടങ്ങിയതുമാണ് ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴാൻ കാരണം. ഇതോടെ നഗരസഭാ പ്രദേശങ്ങളിലെ കുടിവെള്ള വിതരണം മുടങ്ങുമോ എന്ന ആശങ്കയിലാണ് അധികൃതർ. എന്നാൽ കല്ലടയാറ്റിലെ പേപ്പർ മിൽ തടയണയുടെ ഉയരം വർദ്ധിപ്പിച്ചാൽ ആറ്റിലെ വെളളം തടഞ്ഞു നിറുത്താനാവും. കരിങ്കല്ല് ഉപയോഗിച്ച് തടയണയുടെ ഉരയം സ്ഥിരമായി വർദ്ധിപ്പിക്കാൻ രണ്ട് കോടിയിൽ അധികം രൂപ ജല വിഭവ വകുപ്പ് ഒരു വർഷം മുമ്പ് അനുവദിച്ചിരുന്നു. തുടർന്ന് ഇതിന്റെ ഭരണാനുമതി ലഭിച്ചെങ്കിലും നിർമ്മാണ പ്രവർത്തനം അനന്തമായി നീണ്ട് പോയി. ഇതാണ് കല്ലടയാറ്റിലെ ജന നിരപ്പ് ക്രമാതീമായി താഴാൻ കാരണം.
വരുന്നത് രൂക്ഷമായ ജലക്ഷാമം
ഇപ്പോഴത്തെ ചൂട് ഇതേനിലയിൽ മൂന്ന് ആഴ്ച കൂടി തുടർന്നാൽ പുനലൂർ ടൗണിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ ജലക്ഷാമം നേരിടേണ്ടി വരും. പുനലൂർ നഗരസഭാ പ്രദേശങ്ങൾക്ക് പുറമേ മീനാട്, കുണ്ടറ, കുര്യോട്ട്മല ശുദ്ധജല വിതരണ പദ്ധതിയടക്കം ജില്ലയിലെ അര ഡസനോളം കുടിവെളള പദ്ധതികളിലേക്കും കല്ലടയാറ്റിൽ നിന്നാണ് വെളളം ശേഖരിക്കുന്നത്. തെന്മല പരപ്പാർ അണക്കെട്ടിൽ നിന്നും ആറ്റിലൂടെ ഒഴുക്കി വിടുന്ന വെളളം ഒറ്റക്കൽ തടയണയിൽ എത്തും. ഇവിടെ നിന്നാണ് രണ്ട് കനാലുകൾ വഴി വേനൽക്കാല കൃഷികൾക്കായി ജലവിതരണം നടത്തുന്നത്. തടയണയിൽ നിന്നും കല്ലടയാറ്റിലേക്ക് സ്ഥാപിച്ചിട്ടുളള വാൽവുകൾ വഴി വെളളം ഒഴുക്കിയാൽ ആറ്റിലെ ജലനിരപ്പ് ഒരു പരിധിവരെ ഉയർത്താനാവുമെന്ന് പ്രദേശവാസികൾ പറയുന്നു.
വേനൽ രൂക്ഷമായതോടെ പുനലൂർ നഗരസഭാ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പുനലൂർ വഴി കടന്ന് പോകുന്ന കല്ലടയാറ്റിലെ ജലത്തെ ആശ്രയിച്ചാണ് പുനലൂരിലെയും, സമീപ പ്രദേശങ്ങളിലെയും ഭൂരിപക്ഷം ജനങ്ങളും താമസിക്കുന്നത്. ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതിനാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം.
സി.വി. അഷോർ, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 3187-ാം നമ്പർ, നെല്ലിപ്പള്ളി ശാഖ
കല്ലടയാറ്റിലെ ജലം ക്രമാതീതമായി താഴുന്നത് പരിഹരിക്കാനാണ് പേപ്പർ മിൽ തടയണയുടെ ഉയരം വർദ്ധിപ്പിക്കാൻ സർക്കാർ 2കോടിയിൽ അധികം രൂപ അനുവദിച്ചത്. ഇതിന്റെ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടും പണികൾ നീണ്ട് പോയതാണ് പ്രശ്നമായത്. തടയണയുടെ ഉയരം വർദ്ധിപ്പിച്ചിരുന്നെങ്കിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണത്തിനായുളള പമ്പിംഗ് മുടങ്ങില്ലായിരുന്നു.
സി.വി. സന്തോഷ് കുമാർ, സെക്രട്ടറി, നെല്ലിപ്പള്ളി ശാഖ കമ്മിറ്റി
ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പുനലൂർ യൂണിയൻ സെക്രട്ടറി
10 വർഷം
കഴിഞ്ഞ പത്ത് വർഷമായി വേനൽക്കാലത്ത് തടയണയുടെ മുകളിൽ മൺ ചാക്ക് അടുക്കി താൽക്കാലികമായി ഉയരം വർദ്ധിപ്പിച്ചിരുന്നു. കാല വർഷം തുടങ്ങുമ്പോൾ മൺ ചാക്കുകൾ വെള്ളത്തിൽ ഒലിച്ച് പോകുന്നത് കണക്കിലെടുത്താണ് അണക്കെട്ടിന് മുകളിൽ കരിങ്കൽ ഉപയോഗിച്ച് സ്ഥിരമായി ഉയരം വർദ്ധിപ്പിക്കാൻ സർക്കാർ തുക അനുവദിച്ചത്.
കല്ലടയാറ്റിലെ പേപ്പർ മിൽ തടയണയുടെ ഉയരം കരിങ്കല്ല് ഉപയോഗിച്ച് സ്ഥിരമായി വർദ്ധിപ്പിക്കാൻ 2 കോടിയിൽ അധികം രൂപ ജല വിഭവ വകുപ്പ് 1 വർഷം മുമ്പ് അനുവദിച്ചിരുന്നു.