c
ജെ. മേഴ്‌സിക്കുട്ടിഅമ്മ

കൊല്ലം: പാർലമെന്റും നിയമ നിർമാണസഭകളും ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അഭിപ്രായപ്പെട്ടു. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ബഹുസ്വരതയെ അംഗീകരിക്കുന്ന അന്ത:സത്തയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. നിർഭാഗ്യവശാൽ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം പോലും നിർണയിക്കപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുകയാണ്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. മതേതരത്വത്തിന് കോട്ടം സംഭവിക്കുന്ന ഒരു കാര്യവും രാജ്യത്ത് സംഭവിക്കാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
ഭരണഘടനയ്ക്ക് ഉപരിയായി പാർലമെന്റ് പ്രവർത്തിക്കാൻ പാടില്ലെന്ന് ഭരണഘടനാ ശില്പിയായ ഡോ അംബേദ്കർ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി രാജ്യങ്ങളിലെ ഭരണസംവിധാനങ്ങൾ വിശകലനം ചെയ്തശേഷമാണ് അദ്ദേഹം ഈ അഭിപ്രായത്തിൽ എത്തിയത്. നീണ്ട ചർച്ചകൾക്കും അഭിപ്രായ സമന്വയങ്ങൾക്കും ശേഷം രൂപംകൊണ്ട ഇന്ത്യയുടെ ഭരണഘടനയുടെ അന്തസത്ത ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.
ദേശീയ പതാക ഉയർത്തിയ മന്ത്രി തുടർന്ന് പരേഡിനെ അഭിവാദ്യം ചെയ്തു.
ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ, സിറ്റി പൊലീസ് കമ്മിഷണർ ടി നാരായണൻ, റൂറൽ പൊലീസ് മേധാവി ഹരിശങ്കർ എന്നിവർ പ്രധാന വേദിയിൽ മന്ത്രിക്കൊപ്പം നിലയുറപ്പിച്ചു. മേയർ ഹണി ബഞ്ചമിൻ സ്വാതന്ത്ര്യ സമരസേനാനികളെ ആദരിച്ചു. എം നൗഷാദ് എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, സബ് കളക്ടർ അനുപം മിശ്ര, ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി
പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയർ ആന്റ് റസ്‌ക്യൂ, എൻ. സി. സി, സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ്, റെഡ് ക്രോസ്, വിവിധ ബാന്റ് പ്ലാറ്റൂണുകൾ തുടങ്ങിയവർ പരേഡിൽ അണിനിരന്നു. ചവറ എസ്. എച്ച്. ഒ എ.നിസാമുദ്ദീർ പരേഡ് നയിച്ചു. തുടർന്ന് സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഡിസ്‌പ്ലേ, ദേശഭക്തിഗാനങ്ങൾ എന്നിവ അരങ്ങേറി.