പുനലൂർ: പുനലൂർ താലൂക്ക് തല റിപ്പബ്ലിക്ക് ദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. പുനലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8.30ന് പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് പതാക വന്ദനവും, സത്യപ്രതിജ്ഞയും നടത്തിയ ശേഷം ഘോഷയാത്ര ആരംഭിച്ചു. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ, എൻ.സി.സി, ജെ.ആർ.സി, പുനലൂർ നഗരസഭാ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, താലൂക്ക് ആശുപത്രി ജീവനക്കാർ, ലയൺസ് ക്ലബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, എക്സ് സർവീസ് ലീഗ്, കരാട്ടെ സ്കൂൾ വിദ്യാർത്ഥികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു. പുനലൂർ ടി.ബി, കെ.എസ്.ആർ.ടി.സി, വൈദേഹി, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി ഘോഷയാത്ര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പുനലൂർ തഹസിൽദാർ ജി. നിർമ്മൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, കൗൺസിലർമാരായ നെൽസൺ സെബാസ്റ്റ്യൻ, സുരേന്ദ്രനാഥ തിലകൻ, സംഘാടക സമിതി കൺവീനർ എസ്. നൗഷറുദ്ദീൻ, സ്കൂൾ പ്രിൻസിപ്പൽ ഐ. രാജശ്രീ, ജോബോയ് പേരേര തുടങ്ങിയവർ സംസാരിച്ചു. തെന്മല പഞ്ചായത്ത് തല റിപ്പബ്ലിക് ദിനാഘോഷവും വിപുലമായ പരിപാടികളോടെ ഇടമണിൽ നടന്നു.