കൊട്ടാരക്കര: കഴിഞ്ഞ നാലു ദിവസം മുമ്പ് വീശിയടിച്ച ശക്തമായ കാറ്റിൽ അഞ്ഞൂറോളം കുലച്ച എത്തവാഴകൾ നിലം പൊത്തി. ഉദ്ദേശം രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കർഷകൻ പറഞ്ഞു. നാലുദിവസം മുമ്പ് വൈകിട്ട് അഞ്ചുമണിയോടെ വീശിയടിച്ച കാറ്റിൽ കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശിവപ്രിയയിൽ ഡി.കെ. രാജുവിന്റെ കുടവട്ടൂർ പുത്തുക്കാട്ടിലുള്ള കൃഷിഭൂമിയിലെ അഞ്ഞൂറോളം പാതി വിളവായ ഏത്തവാഴകളാണ് നിലം പൊത്തിയത്. പന്ത്രണ്ടു ദിവസം മുമ്പ് പകുതി വാഴകൾ കാറ്റിൽ നശിച്ചിരുന്നു. അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ബാക്കിയുള്ള വാഴകളും ഒടിഞ്ഞുവീണത്. കാർഷിക നാശം തിട്ടപ്പെടുത്തുന്നതിന് എ.ഡി.ഒ ഇനിയും സ്ഥലത്തെത്താത്തത് കർഷകനെ ബുദ്ധിമുട്ടിലാക്കുന്നു. ലോണെടുത്താണ് ഇയാൾ കൃഷി ചെയ്യുന്നത്.