റിപ്പോർട്ട് തള്ളി ഫാത്തിമയുടെ കുടുംബം
കൊല്ലം: മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥിനി കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത് ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിലാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഐ.ഐ.ടി അധികൃതർ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് സമർപ്പിച്ചു.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഫാത്തിമയ്ക്ക് ഇന്റേണൽ പരീക്ഷയിൽ ഒരു വിഷയത്തിന് മാർക്ക് കുറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യയെന്നും റിപ്പോർട്ടിൽ പറയുന്നു. എഫ്.ഐ.ആറിലെ ചില ഭാഗങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ തന്റെ മരണത്തിന് ഉത്തരവാദി സുദർശൻ പത്മനാഭൻ എന്ന അദ്ധ്യാപകനാണെന്ന ഫാത്തിമയുടെ ആത്മഹത്യക്കുറിപ്പിനെക്കുറിച്ച് റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല. ഐ.ഐ.ടിയുടെ ഈ റിപ്പോർട്ട് ഫാത്തിമയുടെ കുടുംബം പൂർണമായും തള്ളി. ഫാത്തിമയുടെ മരണത്തിന് തൊട്ടടുത്ത ദിവസം ഐ.ഐ.ടിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ വീട്ടിൽ നിന്ന് മാറിനിൽക്കുന്നതിലുള്ള മനോവിഷമാണ് ആത്മഹത്യയുടെ കാരണമായി പറഞ്ഞിരുന്നത്. ഈ രണ്ട് റിപ്പോർട്ടുകളും തമ്മിൽ വലിയ വൈരുദ്ധ്യമുള്ളതായും കുടുംബം ചൂണ്ടിക്കാട്ടുന്നു.
സി.ബി.ഐ നടത്തുന്ന അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഐ.ഐ.ടി.യുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം ഫാത്തിമയുടെ കുടുംബത്തെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഫാത്തിമയുടെ പശ്ചാത്തലം മനസിലാക്കാൻ രക്ഷിതാക്കൾക്ക് പുറമെ സ്കൂൾ വിദ്യാഭ്യാസം നടത്തിയ കൊല്ലത്തെ സ്ഥാപനങ്ങളിലുമെത്തി മൊഴിയെടുക്കും. കേസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ചെന്നൈ കോട്ടൂർപുരം പൊലീസിനെതിരെ ഫാത്തിമയുടെ പിതാവ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചുണ്ട്.