നാളെ വൈകിട്ട് ചവറ ബസ് സ്റ്റാന്റ് മൈതാനിയിലാണ് സമ്മേളനം കൊല്ലം /ചവറ:ആർ.എസ്.പി മുൻ ജനറൽ സെക്രട്ടറിയും തൊഴിലാളി നേതാവും മന്ത്രിയുമായിരുന്ന ബേബിജോണിന്റെ 12-ാം ചരമ വാർഷിക ദിനമായ നാളെ (വ്യാഴം) ചവറയിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം ആർ.എസ്.പി ദേശീയ സെക്രട്ടറി മനോജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് ചവറ ബസ് സ്റ്റാന്റ് മൈതാനിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, കെ.മുരളീധരൻ എം.പി, എം.കെ.മുനീർ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ, ബാബു ദിവാകരൻ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 9 മണിക്ക് ബേബി ജോൺ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ബേബി ജോൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചവറയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരത്തിൽ വിജയികളായവർക്കുള്ള പുരസ്‌കാരം വൈകുന്നേരത്തെ സമ്മേളനത്തിൽ വിതരണം ചെയ്യും.
അനുസ്മരണ സമ്മേളനം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു ഭരണഘടന സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെയാണ് ആരംഭിക്കുന്നത്. പത്രസമ്മേളനത്തിൽ ആർ.എസ്.പി. ചവറ മണ്ഡലം സെക്രട്ടറി ആർ. നാരായണപിള്ള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. ജസ്റ്റിൻ ജോൺ, കോക്കാട്ട് റഹിം, വാഴയിൽ അസീസ്, ആർ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് എസ്. ലാലു എന്നിവർ പങ്കെടുത്തു.